കെവിൻ കേസ്: സസ്പെൻഷനിലായിരുന്ന എസ്ഐ ഷിബുവിനെ സര്‍വീസിൽ തിരിച്ചെടുത്തു

കെവിന്‍ കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന എസ്.ഐ എം.എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ക്രമസമാധാന ചുമതല നല്‍കരുതെന്ന വ്യവസ്ഥയോടെ സംസ്ഥാന പൊലീസ് മേധാവിയാണ് ഷിബുവിനെ സര്‍വ്വീസിൽ തിരിച്ചെടുത്തത്. ഷിബുവിനെ നേരത്തെ തിരിച്ചെടുത്തിരുന്നുവെങ്കിലും നടപടി മുഖ്യമന്ത്രി ഇടപെട്ട് റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഇയാള്‍ വീണ്ടും നല്‍കിയ അപേക്ഷയെ തുടര്‍ന്ന് ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് പുനര്‍നിയമനം.

കെവിന്‍ ദുരഭിമാന കൊലക്കേസില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്നാണ് ഷിബുവിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്. കേസിന്റെ അന്വേഷണത്തില്‍ അടക്കം ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ ശരിവെച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന വിപുലമായ അന്വേഷണത്തില്‍ എസ്.ഐ ഷിബുവിന്റെ ഭാഗത്തുനിന്ന് അത്തരമൊരു വീഴ്ച സംഭവിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

ഷിബുവിനെ പിരിച്ചുവിടാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എറണാകുളം റെയ്ഞ്ച് ഐജിയാണ് ഷിബുവിനെ നേരത്തെ സര്‍വ്വീസിൽ തിരിച്ചെടുത്തത്. എന്നാൽ ഈ ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു.

ഷിബുവിനെ തിരിച്ചെടുക്കാനുള്ള ഐജിയുടെ തീരുമാനം വലിയ വിമര്‍ശനത്തിനാണ് വഴിവെച്ചത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെവിന്‍റെ മാതാപിതാക്കള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. നടപടി വിവാദമായത്തോടെ, എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയർ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി ഉത്തരവിട്ടിരുന്നു.

കെവിന്‍റെ മരണമുണ്ടായത് എസ്ഐ ഷിബുവിന്‍റെ കൃത്യ വിലോപം മൂലമാണെന്നാണ് കെവിന്റെ കുടുംബം ആരോപിച്ചത്. പരാതി നൽകിയിട്ടും നേരിട്ട് കണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാൻ എസ്ഐ ഷിബു തയ്യാറായില്ലെന്നും കെവിന്‍റെ അച്ഛൻ രാജൻ ജോസഫ് പറഞ്ഞിരുന്നു.

തുടര്‍ന്നാണ് ഷിബു ആദ്യമൊരു അപേക്ഷ സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം വിവാദമായപ്പോള്‍ അത് മുഖ്യമന്ത്രി റദ്ദാക്കുകയായിരുന്നു. എന്നാല്‍ കെവിന്‍ കേസില്‍ കോടതി വിധി വന്നപ്പോള്‍ അതില്‍ എസ്.ഐ ഷിബുവിനെതിരെ പരാമര്‍ശമില്ലായെന്ന വിലയിരുത്തലുണ്ട്. ഇതുപ്രകാരമാണ് വീണ്ടുമൊരു അപേക്ഷ സര്‍ക്കാരിന് ലഭിച്ചത്. ഇതിലാണ് ഡിജിപി ഇപ്പോള്‍ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.