ബി.ജെ.പിയുടെ പരാതി : രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത ഏഴ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

ഇടതു മുന്നണി ആഹ്വാനം ചെയ്ത രാജ്ഭവന്‍ ധര്‍ണ്ണയില്‍ പങ്കെടുത്ത ഏഴ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കാല്‍ നോട്ടീസ് നല്‍കി. സമരത്തില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ സഹിതം ബി ജെ പി ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ സ്വീകരിച്ച നടപടി വ്യക്തമാക്കണമെന്ന് രാജ് ഭവന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറിയും കേരള സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയുമായി പി ഹണി ഉള്‍പ്പെടെ ഏഴ് ജീവനക്കാര്‍ക്കെതിരെയാണ് ബിജെപി ചിത്രം അടക്കമുളള തെളിവുകള്‍ നല്‍കി പരാതി നല്‍കിയത്. ജീവനക്കാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചിട്ടുണ്ടോ?, എങ്കില്‍ എന്തു നടപടി സ്വീകരിച്ചു തുടങ്ങിയുള്ള വിശദാംശങ്ങള്‍ അറിയിക്കാനാണ് ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നത്.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് നവംബര്‍ 15 ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയത്. ഇതില്‍ മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല.