പൂതനാമോക്ഷം കഴക്കൂട്ടത്തിലെ ജനങ്ങള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കണം; ഉപ്പു തിന്ന കടംകപള്ളി വെള്ളം കുടിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ 

മന്ത്രി കടകംപള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ചതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍. അധികാരദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടുമെന്ന് കഴക്കൂട്ടത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പൂതന എന്ന വാക്ക് അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. സുന്ദരി വേഷത്തില്‍ കൃഷ്ണനെ കൊല്ലാനാണ് പൂതന വന്നത്. പൂതനാമോക്ഷം കഴക്കൂട്ടത്തിലെ ജനങ്ങള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കണമെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഉറച്ചു നില്‍ക്കുന്നു. അധികാരത്തിന്റെ ദണ്ഡ് കടകംപള്ളിയില്‍ നിന്ന് ജനാധിപത്യപരമായി കഴക്കൂട്ടത്തെ ജനങ്ങള്‍ ഏറ്റെടുക്കുന്നുവോ, അന്ന് കടകംപള്ളിയാകുന്ന പൂതനയ്ക്ക് മോക്ഷം കിട്ടും. ആ മോക്ഷം നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടി പൊളിക്കുമ്പോള്‍ ഉണ്ടാകും” ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയുടെ കാര്യത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്നു പറഞ്ഞ സീതാറാം യച്ചൂരിയെയും പിണറായി വിജയനെയും കാനം രാജേന്ദ്രനെയും പരസ്യമായി തള്ളിപ്പറയാൻ കടകംപള്ളി തയ്യാറാകണമെന്നും ശോഭാ സുരേന്ദ്രൻ ആവശ്യപ്പെട്ടു. പുട്ടുപൊടിയുണ്ടാക്കുന്ന വ്യവസായ മന്ത്രിയായിരുന്നില്ല കടകംപള്ളി സുരേന്ദ്രൻ. ക്ഷേത്രങ്ങൾ സംരക്ഷിക്കേണ്ട, വിശ്വാസികളെയും വിശ്വാസത്തെയും സംരക്ഷിക്കേണ്ട ദേവസ്വം മന്ത്രിയായിരുന്നുവെന്നും എന്നിട്ടാണ് വിശ്വാസികളെ വേട്ടയാടിയതെന്നും ശോഭാ സുരേന്ദ്രൻ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി

തനിക്കെതിരെ കടംകപള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് പരാജയ ഭീതി കൊണ്ടാണ്. ഉപ്പു തിന്ന കടംകപള്ളി വെള്ളം കുടിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.