ശശി തരൂർ പാർട്ടി ലൈനിൽ നിൽക്കണം; ലേഖന വിവാദത്തിൽ കടുപ്പിച്ച് കെ സുധാകരൻ

ലേഖന വിവാദത്തിൽ കടുപ്പിച്ച് കെ സുധാകരൻ. പാർട്ടി ലൈനിൽ നിൽക്കണമെന്ന് ശശി തരൂരിനോട് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. സർക്കാരിനെ പ്രശംസിച്ചുള്ള ലേഖനം ദുർവ്യാഖ്യാനത്തിന് ഇടയാക്കിയെന്ന് സുധാകരൻ കൂട്ടിച്ചേർത്തു. എഐസിസി നിർദേശപ്രകാരമാണ് ശശി തരൂരിനെ കെപിസിസി അധ്യക്ഷൻ വിളിച്ചത്.

കൂടിക്കാഴ്ചക്ക് പിന്നാലെ ശശി തരൂരിന് താൻ ‘നല്ല ഉപദേശം’ കൊടുത്തതായി കെ. സുധാകരൻ പറഞ്ഞിരുന്നു. എന്താണ് ആ ഉപദേശമെന്ന് നിങ്ങൾ വായിച്ചെടുത്താൽ മതിയെന്നും സുധാകരൻ കാസർകോടുവെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംസ്ഥാനസർക്കാരിൻ്റെ വ്യവസായരംഗത്തെ നേട്ടത്തെയും പുകഴ്ത്തിയ തരൂരിനെതിരെ പാർട്ടിയുടെ വിവിധ കോണുകളിൽ നിന്ന് രൂക്ഷമായ വിമർശനമുയരുന്നതിനിടെയാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

‘ശശി തരൂരിന്റെറെ അഭിപ്രായം അദ്ദേഹം പറഞ്ഞു. വ്യക്തികൾക്ക് പല തീരുമാനമുണ്ടാകാം. കോൺഗ്രസ് പാർട്ടിക്ക് പാർട്ടിയുടേതായ തീരുമാനമുണ്ട്. പാർട്ടിയുടെ തീരുമാനമാണ് ഔദ്യോഗികമായി ഞങ്ങൾ അനുസരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നത്. ശശി തരൂരിനെ പ്രവർത്തക സമിതിയിൽ നിന്ന് പുറത്താക്കണോ എന്ന കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. അതിന് കഴിവുള്ള നേതാക്കളുടെ കൈകളിലാണ് പാർട്ടിയുള്ളത്. അതിൽ ഞങ്ങൾക്ക് അഭിപ്രായമില്ല. അദ്ദേഹത്തിന് ഞാൻ നല്ല ഉപദേശം കൊടുത്തിട്ടുണ്ട്.’ സുധാകരൻ പറഞ്ഞു.