ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതി ചേര്‍ത്തത് മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണ്, എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ മുന്‍ദേവസ്വം ബോര്‍ഡ് അംഗം കെ.പി. ശങ്കരദാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ചേര്‍ത്തപ്പോള്‍ മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ പോയി കിടക്കുകയാണെന്നും എന്തൊക്കെ അസംബന്ധങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചോദിച്ചു. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ അച്ഛനാണ് കെ പി. ശങ്കരദാസ് എന്ന കാര്യം പ്രത്യേക അന്വേഷണ സംഘത്തെ കോടതി ഓര്‍മപ്പെടുത്തുക കൂടി ചെയ്തു. ജസ്റ്റിസ് എ. ബദറുദീന്റെ ബെഞ്ചാണ് രൂക്ഷമായ ഭാഷയില്‍ എസ്‌ഐടിയേയും പൊലീസ് സേനയേയും മുള്‍മുനയില്‍ നിര്‍ത്തിയത്.

‘ശങ്കരദാസിന്റെ മകന്‍ ഒരു പോലീസ് ഉദ്യോഗസ്ഥനാണ്. ഇതെല്ലാം കോടതി ശ്രദ്ധിക്കുന്നുണ്ട്. എന്തൊക്കെ അസംബന്ധങ്ങളാണ് ഈ നാട്ടില്‍ നടക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളോടൊന്നും കോടതിക്ക് യോജിക്കാന്‍ കഴിയില്ല.’

ശങ്കരദാസിന്റെ മകന്‍ ഡിഐജി ഹരിശങ്കര്‍ ആണ് എന്നതടക്കമുള്ള കാര്യങ്ങള്‍ മുഖവിലയ്ക്കെടുത്തുകൊണ്ട് പോലീസിനെയും എസ്ഐടിയെയും പ്രതിരോധത്തിലാക്കുിയാണ് ഹൈക്കോടതിയുടെ ഇന്നത്തെ പ്രതികരണം. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങളോടൊന്നും കോടതിക്ക് യോജിക്കാന്‍ കഴിയില്ല എന്ന് കൂടി
ജസ്റ്റിസ് എ. ബദറുദീന്‍ വ്യക്തമാക്കി.

എ. പത്മകുമാറിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കവെ അവസാനഘട്ടത്തില്‍ പത്മകുമാറിന്റെ അഭിഭാഷകന്‍ പറഞ്ഞ കാര്യമാണ് കോടതിയെ ചൊടിപ്പിച്ചത്. ‘ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ നേരിട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായ ആളാണ് പത്മകുമാര്‍. 50 ദിവസത്തിലേറെയായി ജയിലിലാണ്. അതുകൊണ്ട് കരുണ കാണിക്കണം എന്ന് എ. പത്മകുമാറിന്റെ അഭിഭാഷകന്‍ കോടതിയോട് അപേക്ഷിച്ചു. അപ്പോഴാണ് കെ പി ശങ്കരദാസിന്റെ ആശുപത്രി വാസം കോടതി അന്വേഷണ സംഘത്തെ ഓര്‍മ്മിപ്പിച്ചത്.

‘പത്മകുമാറിനൊപ്പമുള്ള മറ്റൊരു ദേവസ്വം ബോര്‍ഡ് അംഗം കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെ ആശുപത്രിയില്‍ പോയി കിടക്കുകയാണ്. ഇപ്പോഴും അയാള്‍ ആശുപത്രിയിലാണ്. അതുകൊണ്ടുതന്നെ പോലീസിന് അയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല.’

ജസ്റ്റിസ് എ. ബദറുദീന് ഇക്കാര്യം പറഞ്ഞതിന് പിന്നില്‍ സുപ്രീം കോടതി വരെ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍പോയ ശങ്കരദാസിന്റെ കാലതാമസമെടുക്കുന്ന ആശുപത്രി വാസമാണ്. സുപ്രീം കോടതിയില്‍ നിന്ന് കടുത്ത വാക്കിലുള്ള പരിഹാസവും തിരിച്ചടിയുമാണ് കെ പി ശങ്കര്‍ ദാസിന് ദിവസങ്ങള്‍ക്ക് മുമ്പേ കിട്ടിയത്. ദൈവത്തെ പോലും നിങ്ങള്‍ വെറുതെ വിട്ടില്ലെന്നാണ് സുപ്രീം കോടതി കടുത്ത ഭാഷയില്‍ പറഞ്ഞത്.

ദേവസ്വം ബോര്‍ഡിന്റെ യോഗത്തിന്റെ മിനിറ്റ്‌സില്‍ ഒപ്പിട്ട ശങ്കര്‍ദാസിന് മോഷണക്കേസിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന് ജസ്റ്റിസുമാരായ ദീപങ്കര്‍ ദത്ത, എസ്സി ശര്‍മ്മ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പറയുകയും ചെയ്തു. ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ കേരള ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.

സ്വര്‍ണ്ണ മോഷണ കേസില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കര്‍ദാസിനും വിജയകുമാറിനും ഉത്തരവാദിത്തമുണ്ടെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവില്‍ നിരീക്ഷിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കര്‍ദാസിനും വിജയകുമാറിനും സ്വര്‍ണ്ണ മോഷണ കേസില്‍ ഉത്തരവാദിത്വമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശത്തില്‍ നിന്ന് അഞ്ച് ഖണ്ഡികകള്‍ നീക്കം ചെയ്യാനാണ് ശങ്കര്‍ദാസ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് ജഡ്ജിമാര്‍ വിസമ്മതിച്ചു. ഈ ഘട്ടത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളില്‍ ഇടപെടാന്‍ ഒരു കാരണവുമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു.

ഹൈക്കോടതി തന്റെ വാദം കേള്‍ക്കാതെ തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്നും ഇത് ന്യായമായ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും ശങ്കര്‍ദാസ് തന്റെ ഹര്‍ജിയില്‍ വാദിച്ചിരുന്നു. പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹം ഇളവ് തേടുകയായിരുന്നു. ശങ്കര്‍ദാസ് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചാല്‍, നിയമപ്രകാരം അതിന്റെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ അത് പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ നിന്ന് ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശങ്കര്‍ദാസിന് വേണമെങ്കില്‍ ഹൈക്കോടതിയെ തന്നെ സമീപിക്കാമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.