ഗവർണറെത്തും മുൻപേ എസ്എഫ്ഐ പ്രതിഷേധം; കരിങ്കൊടി കാണിക്കാൻ നീക്കം, കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ വൻ പൊലീസ് സന്നാഹം

കാലിക്കറ്റ് സർവ്വകലാശാലയിൽ ഗവർണർക്കെതിരായ പ്രതിഷേധത്തിന് ഗവർണർ എത്തും മുൻപെ തുടക്കമിട്ട് എസ്എഫ്ഐ.സർവ്വകലാശാലയിൽ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധമാണ് നടന്നത്. ഗസ്റ്റ് ഹൌസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ഇടപെടുകയായിരുന്നു.

പ്രതിഷേധക്കാരെ പൊലീസ് മാറ്റാൻ ശ്രമിച്ചതോടെ, പൊലീസും എസ് എഫ് ഐ വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അതേ സമയം സംഘർഷ സാധ്യത കണക്കിലെടുത്ത് സര്‍വകലാശാലയില്‍ വന്‍ പൊലീസ് വിന്യാസം. നിലവിലുള്ള 300 പേര്‍ക്ക് പുറമെ 200 പൊലീസുകാരെ കൂടി വിന്യസിച്ചു. ക്യാംപസിലേക്കുള്ള എല്ലാ വഴികളിലും പൊലീസ് സാന്നിധ്യമുണ്ട്.

ഗവർണ്ണറെ കരിങ്കൊടി കാണിക്കാനാണ് എസ് എഫ് ഐ നീക്കം. ഗവർണ്ണർ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നിൽ ഗോബാക്ക് മുദ്രാവാക്യവുമായി കറുത്ത ബാനറുയ‍ർത്തി.ഗവർണർ‌ എത്തുന്ന വഴിയിലും സർ‍വ്വകലാശാലയിലും പ്രതിഷേധിക്കാനാണ് എസ് എഫഐ തീരുമാനം. പൊലീസ് ബന്തവസ്സിനിടെയിലും സർവ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്ഐ കറുത്ത ബാനറുയർത്തി. ‘സംഘി ഗവർണ്ണർ തിരിച്ച് പോവുക’എന്നതടക്കം എഴുതിയാണ് ബാനറുകൾ സ്ഥാപിച്ചത്.

കരിപ്പൂരില്‍ വിമാനമിറങ്ങുന്ന ഗവര്‍ണര്‍ നേരെ സര്‍വകലാശാല ഗസ്റ്റ്ഹൗസിലെത്തും.ഗവര്‍ണറെ ക്യാംപസില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു എസ്.എഫ്.െഎയുടെ വെല്ലുവിളി.വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് ഗവര്‍ണറും പ്രതികരിച്ചിരുന്നു.ആരെയും ഭയമില്ലെന്നും എസ് എഫ്ഐക്കാരെ ഗുണ്ടകളെന്നു വിശേഷിപ്പിച്ചുമാണ് കോഴിക്കോട്ടെക്ക് തിരിക്കും മുമ്പ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ  മാധ്യമപ്രവർത്തകരെ കണ്ടത്.