'ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമല്ല, ബലാത്സംഗ കുറ്റം നിലനിൽക്കും'; രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം നിഷേധിച്ചത് എല്ലാ വാദങ്ങളും തള്ളി

മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയുടെ ജാമ്യം തള്ളിയ കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളിയാണ് കോടതി ജാമ്യം നിഷേധിച്ചത്. യുവതിയുമായുള്ള ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമല്ലെന്നും ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതിവിധിയിൽ പറയുന്നു.

എം എൽ എക്കെതിരായ പരാതി ഗുരുതരമെന്നടക്കം ചൂണ്ടിക്കാട്ടിയുള്ള കോടതി വിധി, രാഹുലിനെ സംബന്ധിച്ചടുത്തോളം കനത്ത പ്രഹരമാണ്. മുമ്പും സമാനമായ കുറ്റകൃത്യത്തിൽ പ്രതി ഏർപ്പെട്ടിട്ടുണ്ട്. ജാമ്യം ലഭിച്ചാൽ ഇരയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. തെളിവ് നശിപ്പിക്കാനടക്കം സാധ്യതയുണ്ടെന്നും വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.

ലൈംഗിക ബന്ധം ഉഭയ സമ്മത പ്രകാരമല്ലെന്നും ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഇരയുടെ സ്വകാര്യത വെളിപ്പെടുത്തുന്ന തരത്തിലുള്ള സൈബർ ആക്രമണം നടക്കുന്നതായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ തള്ളിയത്. പീഡനക്കേസില്‍ പൊലീസ് അറസ്റ്റിന് പിന്നാലെ കോടതി റിമാന്‍ഡിലയച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. വിശദമായ വാദത്തിനു ശേഷമാണ് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രാഹുലിന് ജാമ്യം നിഷേധിച്ചത്. ജഡ്ജി അരുന്ധതി ദിലീപ് ആണ് ജാമ്യഹര്‍ജി തള്ളി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം അടച്ചിട്ട കോടതി മുറിയില്‍ പ്രതിഭാഗവും പ്രോസിക്യൂഷനും തമ്മില്‍ നീണ്ട വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റ്ന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എം.ജി.ദേവിയാണ് ഹാജരായത്.

Read more