ഗുരുതര അധികാര ദുര്‍വിനിയോഗം; വിസിയ്ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ലെന്ന് ആര്‍ ബിന്ദു

ആര്‍എസ്എസ് ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സിലര്‍ നടത്തിയിരിക്കുന്നത് ഗുരുതര അധികാര ദുര്‍വിനിയോഗമാണെന്ന് മന്ത്രി ആരോപിച്ചു.

കേരള സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ച് വിസിയ്ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ല. രജിസ്ട്രാറെ നിയമിക്കുന്നത് സിന്‍ഡിക്കേറ്റ് ആണ്. സിന്‍ഡിക്കേറ്റിന് മുമ്പാകെ ഈ കാരണം വൈസ് ചാന്‍സലര്‍ക്ക് വെക്കാം. നേരിട്ട് രജിസ്ട്രാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ വിസിക്ക് ഇപ്പോള്‍ നിലവിലുള്ള നിയമപ്രകാരം സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.

വ്യാജമായിട്ടുള്ള ആരോപണത്തെ മുന്‍നിര്‍ത്തിയാണ് രജിസ്ട്രാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വി സി ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് നിയോഗിക്കപ്പെട്ട ആളാണ്. ഡോ മോഹന്‍ കുന്നുമ്മല്‍ സര്‍വകലാശാലയിലെ താത്കാലിക വിസിയാണ്. താത്കാലിക വിസിയായ മോഹന്‍ തന്റെ അധികാരപരിധിക്ക് പുറത്തുപോയെന്നും ആര്‍ ബിന്ദു ആരോപിച്ചു.

Read more

വിഷയത്തില്‍ വിശദമായി ആലോചിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇടപെടും. കലാലയങ്ങള്‍ മികവിന്റെ പാതയിലൂടെ നീങ്ങുന്ന സമയത്ത് കടുത്ത കാവിവല്‍ക്കരണ പരിശ്രമങ്ങളുമായി ചില ചാന്‍സിലര്‍മാര്‍ വന്ന് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാന്‍ ശ്രമിക്കുന്നുവെന്നും ആര്‍ ബിന്ദു കൂട്ടിച്ചേര്‍ത്തു.