രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം; വിട്ടുനില്‍ക്കുമെന്ന് വി.ഡി സതീശന്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ തീരുമാനം. പരിപാടികളില്‍ നിന്ന് വീട്ടുനില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി. കണ്ണൂരില്‍ നടക്കുന്ന ചടങ്ങിലേക്ക് വി.ഡി. സതീശനും ക്ഷണമുണ്ടായിരുന്നു. എന്നാല്‍ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്നതിനിടെയാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്.

സില്‍വര്‍ലൈന്‍ സമരത്തിനിടെ ഒരു യോജിപ്പും വേണ്ടെന്ന തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ന് വൈകിട്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ വച്ചാണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ്് ഉദ്ഘാടനം നിര്‍വ്വഹിക്കുക. ‘എന്റെ കേരളം’ മെഗാ എക്സിബിഷനും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

റവന്യൂ മന്ത്രി കെ രാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പരിപാടിയില്‍ മന്ത്രിമാരും, ഘടകക്ഷി നേതാക്കളും, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മെയ് 20 വരെയാണ് ആഘോഷപരിപാടികള്‍. തിരുവനന്തപുരത്താണ് സമാപനം. എല്ലാ ജില്ലകളിലും വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.