സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നതിന് ഇടയിൽ കോട്ടയത്ത് ഇന്ന് വീണ്ടും എൽഡിഎഫ് യോഗം. കൂടുതൽ സീറ്റ് വേണമെന്ന ആവശ്യത്തിൽ കേരള കോൺഗ്രസും, സീറ്റ് വിട്ടുനൽകില്ലെന്ന നിലപാടിൽ സിപിഐയും ഉറച്ച് നിൽക്കുന്നതോടെയാണ് പ്രതിസന്ധി കനക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച 5 സീറ്റുകളിൽ ഒരു സീറ്റ് വിട്ടുനല്‍കാമെന്ന നിലപാടിലാണ് സിപിഐ. കൂടുതൽ സീറ്റുകൾ വിട്ടുനല്‍കണമെന്ന് സിപിഎം അറിയിച്ചെങ്കിലും സിപിഐ അതിന് തയ്യാറായില്ല.
ഇതുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ സിപിഐ-സിപിഎം ഉഭയകക്ഷി ചർച്ചയും പരാജയപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിൽ നാല് സീറ്റും, പാലാ മുൻസിപ്പാലിറ്റിയിൽ 7 സീറ്റും എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോവാൻ സിപിഐ തയ്യാറല്ല. പാലായിൽ 13 സീറ്റും, ജില്ലാ പഞ്ചായത്തിൽ 11 സീറ്റുമാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേരള കോൺഗ്രസിന് വേണ്ടി കൂടുതൽ സീറ്റുകൾ വിട്ടുനൽകില്ലെന്ന് വ്യക്തമാക്കിയ സിപിഐ ഇനി ചർച്ചയ്ക്കില്ലെന്നും പറഞ്ഞു.
എട്ട് സീറ്റുകൾ ജോസഫ് വിഭാഗത്തിന് നൽകി യുഡിഎഫ് പതിവിലും വിപരീതമായി സീറ്റ് വിഭജനം ഇത്തവണ നേരത്തെ പൂർത്തിയാക്കിയിരുന്നു. എൽഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ രണ്ട് ദിവസം കൂടി തുടരും.
Read more
എൽഡിഎഫിലെ രണ്ടാം കക്ഷി സിപിഐ തന്നെയാണെന്ന്, സീറ്റ് വിഭജനത്തെ ചൊല്ലി കോട്ടയം എല്‍ഡിഎഫില്‍ പ്രതിസന്ധി നിലനിൽക്കെ കാനം രാജേന്ദ്രൻ പറഞ്ഞു. കോട്ടയം ജില്ലയിൽ കേരള കോൺഗ്രസ് ആണ് ഒന്നാമത്തെ കക്ഷി എന്ന വി എൻ വാസവന്റെ അഭിപ്രായത്തോട് യോജിപ്പില്ല. സിപിഐയോട് മത്സരിക്കാൻ കേരള കോൺഗ്രസ് ആയിട്ടില്ല. ജോസ് പക്ഷത്തിന്‍റെ വരവോടെ എല്‍ഡിഎഫ് ശക്തിപ്പെടും, യുഡിഎഫ് ദുര്‍ബലമാകുമെന്നും കാനം രാജേന്ദ്രൻ ഇന്നലെ പറഞ്ഞു.







