ബാർ കൗൺസിൽ അഴിമതി കേസ്; പ്രതികൾക്കു മുൻകൂർ ജാമ്യം നിഷേധിച്ച്‌ ഹൈക്കോടതി

കേരള അഭിഭാഷക ക്ഷേമനിധിയിൽനിന്ന്‌ പണം തട്ടിയ കേസിൽ പ്രതികൾക്കു മുൻകൂർ ജാമ്യം നിഷേധിച്ച്‌ ഹൈക്കോടതി. അഭിഭാഷക ക്ഷേമനിധിയിൽ നിന്ന്‌ ഏഴരക്കോടി രൂപയാണ് തട്ടിയത്. ശിക്ഷയിൽ ഇളവു വേണമെങ്കിൽ നിരപരാധിയെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശം.

മുൻകൂർ ജാമ്യം അനുവദിക്കില്ലെന്നു വാക്കാൽ വ്യക്തമാക്കിയ കോടതി അറസ്‌റ്റ്‌ ഒഴിവാക്കൽ പോലുള്ള ഇളവുകൾ പരിഗണിക്കുന്നതിനാണു രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരിക്കുന്നത്.

കേസ്‌ തീർപ്പാക്കാൻ ജസ്‌റ്റിസ്‌ കെ. ബാബു അധ്യക്ഷനായ ബെഞ്ച്‌ മാറ്റി. വിജിലൻസ്‌ അന്വേഷിച്ച കേസ്‌ ഹൈക്കോടതി ഇടപെടലിനെത്തുടർന്ന്‌ സി.ബി.ഐ. ഏറ്റെടുക്കുകയായിരുന്നു. തലശേരി ബാർ അസോസിയേഷൻ മുൻ ഭാരവാഹി നൽകിയ ഹർജിയിലായിരുന്നു ഇത്‌. ബാർ കൗൺസിൽ അക്കൗണ്ടന്റ്‌ അടക്കം എട്ടു പേരാണ്‌ പ്രതികൾ.

വ്യാജരേഖ ചമച്ചാണു തുക തട്ടിയെടുത്തതെന്നാണു കണ്ടെത്തൽ. അഴിമതി, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ്‌ എഫ്‌.ഐ.ആർ.അഡ്വക്കറ്റ്‌ വെൽഫെയർ സ്‌റ്റാമ്പ്‌ വ്യാജമായി അടിച്ച്‌ അഴിമതി നടത്തിയതായും ആരോപണമുണ്ട്‌.

Read more

ബാർ കൗൺസിലിലെ അക്കൗണ്ടന്റ്‌ ചന്ദ്രൻ, സാബു സക്കറിയ, തമിഴ്‌നാട്‌ സ്വദേശി മുത്തു എന്നിവരെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. അക്കൗണ്ടന്റ്‌ ജയപ്രഭ, ശ്രീകല ചന്ദ്രൻ, ആനന്ദ്‌രാജ്‌, എ. മാർട്ടിൻ, ധനപാലൻ, ഫാത്തിമ, പി. രാജഗോപാൽ എന്നിവരാണു മുൻകൂർ ജാമ്യത്തിന്‌ അപേക്ഷിച്ചത്‌.