പാണക്കാട് സന്ദര്‍ശനത്തില്‍ അസാധാരണത്വമില്ല, ഇനിയൊരു ഗ്രൂപ്പ് ഉണ്ടാകുന്നെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പ് ആയിരിക്കും: ശശി തരൂര്‍

മലബാര്‍ പര്യടനത്തെചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ ശശി തരൂര്‍ പാണക്കാട്ടെത്തി ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സന്ദര്‍ശനത്തിന് ശേഷം കോണ്‍ഗ്രസില്‍ ഇനി ഗ്രൂപ്പുണ്ടാക്കാനില്ലെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ശശി തരൂര്‍ പ്രതികരിച്ചു. ഇനിയൊരു ഗ്രൂപ്പുണ്ടാകുന്നെങ്കില്‍ അത് ഒരുമയുടെ ഗ്രൂപ്പായിരിക്കും. അദ്ദേഹം പറഞ്ഞു.

അതേസമയം, തരൂരിന്റേത് സൗഹൃദ സന്ദര്‍ശനം മാത്രമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങി എല്ലാ നേതാക്കളും പാണക്കാട്ടുണ്ട്. എം.കെ.രാഘവന്‍ എം.പിയും തരൂരിനൊപ്പമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

Read more

ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തല്‍ ലീഗിനുണ്ട്. കോണ്‍ഗ്രസിന്റെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ ഇടപെടാതെയും പരസ്യപ്രസ്താവന നടത്താതെയും കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ലീഗിന്റെ തീരുമാനം. തരൂരുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്യുമെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.