സന്ദീപിന്റെ കൊലപാതകം; അക്രമിസംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്ന് കെ.കെ രമ

 

തിരുവല്ലയിലെ സി.പി.എം ലോക്കല്‍ സെക്രട്ടറി പി.ബി സന്ദീപ് കുമാറിന്റെ കൊലപാതകം അത്യന്തം അപലപനീയവും ദുഃഖകരവുമാണെന്ന് കെ.കെ രമ എം.എല്‍.എ. ഓരോ കൊലപാതകങ്ങളും രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളെയും സൗഹൃദങ്ങളെയുമാണ് സൃഷ്ടിക്കുന്നത് എന്നും അവര്‍ പറഞ്ഞു.

ഈ സംഭവത്തില്‍ ആഭ്യന്തര വകുപ്പ് കൃത്യമായ അന്വേഷണം നടത്തി അക്രമിസംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം എന്നും അവര്‍ ആവശ്യപ്പെട്ടു. കൊലപാതകികളെ സംരക്ഷിക്കുകയും, അവര്‍ മഹാന്മാരാണെന്ന ബോധം സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരികയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങള്‍ അവസാനിക്കൂവെന്നും കെ.കെ രമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

തിരുവല്ലയിലെ സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകം ഏറെ അപലപനീയവും,ദുഃഖകരവുമാണ്. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടെയാണ്.

സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പറയുന്നത്.കൃത്യമായ അന്വേഷണം നടത്തി ഈ അക്രമിസംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പിന് കഴിയണം.

ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിന്റെ മുന്നിലേക്കാണ് നരാധമന്‍മാര്‍ വീണ്ടും വീണ്ടും വാളെടുക്കുന്നത്.

കൊലപാതകികളെ സംരക്ഷിക്കുകയും,അവര്‍ മഹാന്മാരാണെന്ന ബോധം സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങള്‍ അവസാനിക്കുകയുള്ളു.

സന്ദീപിന്റെ വിയോഗത്തില്‍ ആ കുടുംബത്തിനും,സുഹൃത്തുക്കള്‍ക്കും,നാടിനുമുണ്ടായ തീരാനഷ്ടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.