ജോജുവിന് അവാര്‍ഡ് കിട്ടിയത് അഭിനയിച്ചതിന്, കോണ്‍ഗ്രസുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ പ്രത്യേക ജൂറിയെ വെക്കാം; പരിഹസിച്ച് മന്ത്രി

അവാര്‍ഡ് നിര്‍ണയത്തിനെതിരെ ഉയരുന്ന വിമര്‍ശനത്തില്‍ കോണ്‍ഗ്രസ്സിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. ജോജുവിന് നന്നായി അഭിനയിച്ചതിനാണ് അവാര്‍ഡ് കിട്ടിയതെന്നും കോണ്‍ഗ്രസ്സുകാര്‍ ആരെങ്കിലും നന്നായി അഭിനയിച്ചാല്‍ അവര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ പ്രത്യേക ജൂറിയെ തീരുമാനിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഹോ’മിന് പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് സിനിമാ പ്രവര്‍ത്തകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും ഉയര്‍ന്നുവരുന്നത്.

‘ഹോം’ അവസാന റൗണ്ട് വരെ എത്തിയിരുന്നു. ഇന്ദ്രന്‍സ്, മഞ്ജു പിള്ള എന്നിവര്‍ക്ക് അവാര്‍ഡ് ലഭിക്കുമെന്നു പ്രതീക്ഷിച്ചതുമാണ്. എന്നാല്‍ ഈ സിനിമ തഴയപ്പെട്ടു. ഒരു അവാര്‍ഡ് പോലും നല്‍കിയില്ല. ഡോ. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

കലാമേന്മയുള്ള മികച്ച ജനപ്രിയ സിനിമ നിര്‍ണയിക്കുന്നതിനു ഭാവിയില്‍ ഒടിടി റിലീസുകളെയും പരിഗണിക്കണമെന്നു ജൂറി നിര്‍ദേശിച്ചു.