കേരളം പൊട്ടക്കിണറ്റിലെ തവള; മറ്റു സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് അറിയുന്നില്ലെന്ന് സാബു ജേക്കബ്

കേരളം പൊട്ടക്കിണറ്റില്‍ വീണ തവളയെന്ന് വിമര്‍ശനവുമായി കിറ്റെക്സ് എംഡി സാബു ജേക്കബ്. തെലങ്കാനയില്‍ കണ്ടത് രാഷ്ട്രീയ നേതാക്കളെയല്ല, സിഇഒയെ കണ്ട പ്രതീതിയായിരുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ എന്തു നടക്കുന്നുവെന്ന് കേരളം അറിയുന്നില്ല. തെലങ്കാനയില്‍ രാജകീയ സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.

മുടക്കമില്ലാതെ വെള്ളം, വൈദ്യുതി എന്നിവ തരുമെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നല്‍കി. പ്രശ്നങ്ങള്‍ക്ക് മിനിറ്റുകള്‍ക്കം പരിഹാരം കാണുന്ന മന്ത്രിയെയാണ് തെലങ്കാനയില്‍ കണ്ടത്. മാലിന്യ നിർമ്മാർജ്ജനത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. ഇവിടെ 30 ദിവസത്തിനുള്ളില്‍ 11 റെയ്ഡുകള്‍ നടത്തി പരിശോധനയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നല്‍കി.

ഏകജാലക സംവിധാനം ഇവിടെ നടപ്പാക്കിയെന്നാണ് സർക്കാർ കൊട്ടിഘോഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ വർഷങ്ങള്‍ക്ക് മുമ്പേ നടപ്പാക്കിയതാണ് ഇത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഓഫറുകള്‍ വന്നിട്ടുണ്ട്. 53 വര്‍ഷം കൊണ്ട് നഷ്ടപ്പെട്ട വളര്‍ച്ച വരുന്ന 10 വര്‍ഷം കൊണ്ട് തിരികെ പിടിക്കാമെന്ന് ഉറപ്പുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.