ട്വന്റി -20യ്ക്ക് വോട്ട് ചെയ്തവരെ പണയംവെക്കുന്ന പരിപാടിയാണ് സാബു എം ജേക്കബ് ചെയ്തതെന്ന് എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്. ബിജെപിയിലേക്കുള്ള സാബുവിന്റെ പ്രവേശനത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മുഹമ്മദ് ഷിയാസ്. തന്റെ കമ്പനിയെ രക്ഷപ്പെടുത്താൻ ജനങ്ങളുടെ വോട്ട് പണയപ്പെടുത്തി സാബു ജേക്കബ് കുന്നത്തുനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു.
ജനങ്ങളുടെ വോട്ട് വാങ്ങിയെടുക്കാനുള്ള ഒരു കച്ചവടക്കാരന്റെ മനസ്സായിരുന്നു സാബുവിനുണ്ടായിരുന്നത് അത് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ മനസ്സിലാക്കി. ട്വന്റി -20 എല്ലായിടത്തും മത്സരിച്ചു എന്നിട്ട് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ല മുഹമ്മദ് ഷിയാസ് പ്രതികരിച്ചു.തന്റെ വ്യവസായത്തിന്റെ നിലനിൽപ്പിനുവേണ്ടിയായിരുന്നു സാബു അരാഷ്ട്രീയവാദം പറഞ്ഞതെന്നും മുഹമ്മദ് ഷിയാസ് ആരോപണം ഉന്നയിച്ചു.
തദ്ദേശ സ്ഥാപനങ്ങളിൽ ജയിച്ച ട്വന്റി -20 അംഗങ്ങൾ ബിജെപിക്ക് ഒപ്പം നിൽക്കില്ല. അവരെ കോൺഗ്രസ് ഒപ്പം നിർത്തും. അവരുമായി ചർച്ചകൾ നടത്തും. ഇത്രാൾ സാബുവിനെയും ട്വന്റി -20യെയും സംരക്ഷിച്ച സിപിഐഎം മറുപടി പറയണമെന്നും മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടു. അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി ചേര്‍ന്നുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സാബു എം ജേക്കബ് മുന്നണി പ്രവേശനം പ്രഖ്യാപിച്ചത്.







