ശബരിമല സുപ്രിംകോടതിയുടെ പരിഗണനയില്‍, നിയമനിർമ്മാണത്തിന് പരിമിതിയുണ്ട്: വി മുരളീധരന്‍

ശബരിമല സ്ത്രീ പ്രവേശം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും നിയമനിർമ്മാണത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരന്‍. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇക്കാര്യം കടകംപള്ളിക്ക് അറിഞ്ഞുകൂടെയെന്ന് മുരളീധരന്‍ ചോദിച്ചു.

കടകംപള്ളി സുരേന്ദ്രന്‍ ചെയ്തത് ജനങ്ങള്‍ക്ക് അറിയാം. തിരഞ്ഞെടുപ്പായപ്പോള്‍ മന്ത്രി കടകം മറിഞ്ഞതാണെന്നും മുരളീധരന്‍ പറഞ്ഞു. കടകംപള്ളി പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമം നിര്‍മിക്കുമെന്ന് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ പ്രധാനമന്ത്രി, രണ്ട് വര്‍ഷമായിട്ടും അത് ചെയ്യാത്തത് എന്താണെന്നായിരുന്നു ഇന്നലെ പറയേണ്ടിയിരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്കെതിരെ നടത്തിയ പരാമർശത്തിൽ മറുപടി പറയുകയായിരുന്നു കടകംപള്ളി.

Read more

ശബരിമല കേസില്‍ എന്തു വിധി വന്നാലും എല്ലാവരെയും വിശ്വാസത്തിലെടുത്തേ നടപ്പാക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണെന്നു കടകംപള്ളി പറഞ്ഞു. ശബരിമല ഇപ്പോള്‍ ശാന്തമാണ്. ശബരിമലയിൽ ഒരു വിശ്വാസിയെ പോലും പൊലീസ് ഒന്നും ചെയ്‌തിട്ടില്ല. ആക്രമികൾ ആരായിരുന്നുവെന്ന് എല്ലാവർക്കുമറിയാം. വിശ്വാസികളോ ഭക്തരോ അക്രമം നടത്തിയിട്ടില്ലെന്നും വോട്ട് തട്ടാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും കടകംപളളി പറഞ്ഞു.