ശബരിമല സ്വർണക്കൊള്ള; മുന്‍ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ മുന്‍ ദേവസ്വം കമ്മീഷണര്‍ എൻ വാസു അറസ്റ്റിൽ. കേസില്‍ മൂന്നാം പ്രതി സ്ഥാനത്താണ് വാസുവിന്റെ പേരുള്ളത്. പലതവണ എൻ വാസുവിനെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. എല്ലാം വാസു അറിഞ്ഞിട്ടാണെന്ന് അറസ്റ്റിലായ മുരാരി ബാബുവും ഉണ്ണികൃഷ്ണൻ പോറ്റിയും മൊഴി നൽകിയിരുന്നു. എൻ വാസുവിനെ മൂന്നാം പ്രതിയാക്കി അന്വേഷണം തുടരുന്നതിനിടെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ ദേവസ്വം ബോര്‍ഡ് കമ്മീഷണറും മുൻ ദേവസ്വം കമ്മീഷണറുമാണ് എൻ വാസു.

അതേസമയം കേസില്‍ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ബുധനാഴ്ച്ച ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറില്‍ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവിന്റെ ശുപാര്‍ശയിലാണ് എന്നതടക്കമുള്ള കാര്യങ്ങള്‍ രേഖപ്പെടുത്തിയാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. നേരത്തെ വാസുവിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. വാസു രണ്ടുതവണ ദേവസ്വം കമ്മീഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കുശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്നു.

ദ്വാരപാലക ശില്‍പങ്ങളുടേയും ശ്രീകോവിലിന്റേയും മുഖ്യജോലികള്‍ പൂര്‍ത്തിയാക്കിയശേഷം സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടികളുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി വാസുവിന് ഇമെയില്‍ അയച്ചിരുന്നു. 2019 ഡിസംബര്‍ ഒമ്പതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ ഇമെയില്‍ തനിക്ക് വന്നിരുന്നു എന്ന് വാസുവും പിന്നീട് സമ്മതിച്ചിരുന്നു.

Read more