ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന് ക്ലീൻ ചിറ്റ് നൽകാതെ എസ്ഐടി. പോറ്റിയും കടകംപള്ളിയും തമ്മിലുള്ള കൂടിക്കാഴ്ചകളെക്കുറിച്ചും സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നതിലും വിശദമായ എസ്ഐടി അന്വേഷണം തുടങ്ങി. അതേസമയം ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതെന്നാണ് കടകംപള്ളിയുടെ വിശദീകരണം
സന്ദർശന വേളയിൽ പോറ്റിയിൽ നിന്നും യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ശബരിമലയിലെ സ്പോൺസർ എന്ന നിലയിൽ മാത്രമാണ് സ്വർണക്കൊള്ളയിലെ പ്രധാന പ്രതി പോറ്റിയുമായി തനിക്കുള്ള പരിചയമെന്നും 1 തവണ മാത്രമാണ് തമ്മിൽ കണ്ടതെന്നുമായിരുന്നു ഡിസംബർ 28ന് എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ കടകംപള്ളിയുടെ മൊഴി. എന്നാൽ, ഈ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ എസ്ഐടി നിലപാട്.
മന്ത്രി എന്ന നിലയ്ക്കപ്പുറം കടകംപള്ളി പോറ്റിയുടെ വീട്ടിൽ രണ്ട് തവണ എത്തി എന്ന് മഹസർ സാക്ഷി വിക്രമൻ നായർ മൊഴി നൽകിയിട്ടുണ്ട്. പോറ്റിയുടെ അച്ഛനെ സന്ദർശിക്കാനെത്തി. ഒരു തവണ പൊലീസ് അകമ്പടിയിലെത്തി. കടകംപള്ളിക്ക് ഉപഹാരങ്ങൾ നൽകിയെന്ന് ചോദ്യം ചെയ്യലിൽ പോറ്റി സമ്മതിച്ചിട്ടുണ്ട്. ഇതടക്കം ഇരുവരും തമ്മിൽ 2019ൽ ഏതെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നറിയാനും വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് എസ്ഐടി.







