ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും അന്വേഷണം വ്യാപിപ്പിക്കാൻ ഇ ഡി നീക്കം. കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കും. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി മുൻ മന്ത്രിക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്നാണ് ഇഡി പരിശോധിക്കുക. ഉണ്ണികൃഷ്‌ണൻ പോറ്റിയെ ഇഡി ഉടൻ ചോദ്യംചെയ്യും.
കടകംപള്ളി സുരേന്ദ്രനും ഉണ്ണികൃഷ്‌ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം ഉണ്ടായിരുന്നു എന്ന തരത്തിലും, മുൻ മന്ത്രി പോറ്റിയുടെ വീട്ടിലടക്കം പോയിട്ടുണ്ട് എന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇവയിൽ ചില കാര്യങ്ങൾ കടകംപള്ളി സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഈ ആരോപണങ്ങളിൽ ഇഡി അന്വേഷണം നടത്തും എന്നാണ് ഇഡി സംഘത്തോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
തന്നേക്കാൾ മുമ്പ് പോറ്റിയുമായി ബന്ധമുണ്ടായിരുന്നത് ശബരിമലയിലെ തന്ത്രിക്കും മുൻ ദേവസ്വം മന്ത്രിക്കുമാണ് എന്ന തരത്തിലായിരുന്നു എ. പത്മകുമാറിന്റെ മൊഴി. ഇതിന്റെ പശ്ചാത്തലവും ഇഡി പരിശോധിക്കും. പല ഉന്നതരുമായും ബന്ധമുണ്ടായിരുന്നുവെന്നും പലർക്കും ഉപഹാരങ്ങൾ കൈമാറിയിട്ടുണ്ടെന്നും പോറ്റി പറഞ്ഞിരുന്നു. ഒന്നാംപ്രതി എന്ന നിലയിൽ, ഉണ്ണികൃഷ്ണൻ പോറ്റിയെയാണ് ഇഡി ആദ്യം വിശദമായി ചോദ്യംചെയ്യുക.
Read more
ശബരിമലയിൽ എത്തിയ ശേഷമാണ് പോറ്റി ഇത്രയധികം സ്വത്ത് സമ്പാദിച്ചിട്ടുള്ളത്. ഇതിലേക്ക് പോറ്റിക്ക് വഴിയൊരുക്കിയത് അദ്ദേഹത്തിന്റെ്റെ ഉന്നതബന്ധങ്ങളാണ് എന്ന നിഗമനത്തിലാണ് ഇഡി. ഇതിന് പ്രത്യുപകാരമായി പോറ്റി തിരിച്ചും അവർക്ക് സഹായങ്ങൾ ചെയ്തിരിക്കാംമെന്നും ഇഡി സംശയിക്കുന്നു.







