ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ; തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി

ശബരിമല സ്വർണക്കൊള്ളയിൽ പ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. നിലവിൽ എസ്ഐടി കസ്റ്റഡിയിലാണ് ഉണ്ണികൃഷ്ണൻ പോറ്റി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ മോഷണക്കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റിമാൻഡ് ചെയ്തത്.

അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാല്‍ വൈദ്യ പരിശോധനയ്ക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. അതിനിടെ ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്ത കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് അടുത്തദിവസം രേഖപ്പെടുത്തും. നവംബർ മൂന്നിന് റാന്നി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിളപാളികളിലെ സ്വർണ കവർച്ചയിൽ കൂടി പോറ്റിയെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ എസ്.ഐ.ടി ഇന്ന് കോടതിയിൽ നൽകി. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ രണ്ട് കേസുകളിലും പ്രത്യേക സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. സ്വർപാളികൾ ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തിയതിലെ ഗൂഢാലോചനയിലാണ് ചോദ്യം ചെയ്യൽ.

Read more