മോദിയുടെ പൗരത്വം തേടി അപേക്ഷ; രേഖ ലഭിച്ചാല്‍ അതു പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്കും രേഖ സൂക്ഷിച്ചാല്‍ മതിയല്ലോയെന്ന് അപേക്ഷകന്‍ 

നാടാകെ പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രതിഷേധം ശക്തമാകുന്നതിനിടെ നിയമം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്വരേഖ ചോദിച്ച് വിവരവകാശ അപേക്ഷ. ചാലക്കുടി വി.ആര്‍പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണ് അപേക്ഷ നല്‍കിയത്. ഡിസംബർ 13- നാണ് ജോഷി  ചാലക്കുടി മുനിസിപ്പാലിറ്റിയുടെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.

രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോദി ഇന്ത്യന്‍ പൗരന്‍ ആണ് എന്ന് തെളിയിക്കാന്‍ ഉതകുന്ന ആധികാരിക രേഖകള്‍ വിവരവകാശ നിയമപ്രകാരം അനുവദിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് അപേക്ഷ. ജോഷിയുടെ അപേക്ഷ  ഡൽഹിയിലെ സെൻട്രൽ പബ്ലിക് ഇൻഫർമേഷൻ  ഓഫീസിലേക്ക് അയച്ചതായി മുനിസിപ്പാലിറ്റിയിലെ  ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പൗരത്വ രേഖ ലഭിച്ചാല്‍ അത് പ്രകാരം രാജ്യത്തെ ജനങ്ങള്‍ക്കും രേഖ സൂക്ഷിച്ചാല്‍ മതിയല്ലോയെന്നതിന് വേണ്ടിയാണ് അപേക്ഷ നല്‍കിയതെന്ന് ആം ആദ്മി പ്രവര്‍ത്തകന്‍ കൂടിയായ ജോഷി പ്രതികരിച്ചു.

“”ഞാൻ ഇപ്പോള്‍ ചെയ്യുന്നത് പൗരത്വ നിയമത്തെ കുറിച്ച് ആശങ്കയിലായിരിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ വേണ്ടിയാണ്. പൗരത്വം തെളിയിക്കാൻ പാസ്‌പോർട്ടോ ആധാർ കാർഡോ കൈവശം വെയ്ക്കുന്നത് പര്യാപ്തമല്ല എന്നുള്ളത്  ആളുകളെ ഭയപ്പെടുത്തുന്നു. അദ്ദേഹത്തെ ഇന്ത്യൻ പൗരനാക്കുന്ന സവിശേഷമായ ഒരു രേഖ പ്രധാനമന്ത്രിയുടെ പക്കലുണ്ടോ എന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു, ”അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദം തുടരുന്നതിനിടെയാണ് പൗരത്വം ചോദിച്ചുള്ള അപേക്ഷ എത്തുന്നത്.