കേരളത്തിലെ അഞ്ച് സര്‍വകലാശാല വിസിമാര്‍ ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍; വിവരങ്ങള്‍ പുറത്തുവിട്ട് സംഘാടകര്‍

വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ പേരില്‍ നടത്തുന്ന ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ കേരളത്തിലെ സര്‍വകലാശാല വിസിമാര്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കി സംഘാടകര്‍. കേരളത്തിലെ അഞ്ച് സര്‍വകലാശാല വിസിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്. സമ്മേളനത്തില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പങ്കെടുക്കും.

കാലിക്കറ്റ്, കണ്ണൂര്‍, സെന്‍ട്രല്‍, കുഫോസ് സര്‍വകലാശാലകളിലെ വിസിമാര്‍ പങ്കെടുക്കുമെന്നാണ് സംഘാടകര്‍ അറിയിച്ചത്. വിദ്യാഭ്യാസ വികാസ കേന്ദ്രത്തിന്റെ പേരിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അതേസമയം സര്‍ക്കാര്‍ സംവിധാനങ്ങളുടെ കീഴിലല്ലാത്ത ഇത്തരം സംഘടനകള്‍ നടത്തുന്ന സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്ന് ചില വിസിമാര്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Read more

ആര്‍എസ്എസ് സര്‍വകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കേരളത്തിലെ സര്‍വകലാശാല വിസിമാര്‍ ആര്‍എസ്എസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. നാളെ മുതല്‍ നാല് ദിവസമാണ് കൊച്ചിയില്‍ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.