'റേറ്റിങ് അട്ടിമറിക്കാൻ ബാർക്കിലെ ഉദ്യോഗസ്ഥന് കൈക്കൂലിയായി നൽകിയത് 100 കോടി രൂപ'; കേരളത്തിലെ ചാനൽ ഉടമക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

റേറ്റിങ് അട്ടിമറിക്കാൻ ബാർക്കിലെ ഉദ്യോഗസ്ഥന് കൈക്കൂലി നൽകിയതിൽ കേരളത്തിലെ ചാനൽ ഉടമക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി കെടിഎഫ് പ്രസിഡൻ്റ് ആർ ശ്രീകണ്‌ഠൻ നായർ. 100 കോടി രൂപ ബാർക്കിലെ ഒരു ഉദ്യോഗസ്ഥന് ക്രിപ്റ്റോ കറൻസിയായി ഒരു ചാനൽ ഉടമ കൈക്കൂലിയായി നൽകിയെന്നാണ് ആരോപണം. യുട്യൂബിലെ കാഴ്‌ചക്കാരുടെ എണ്ണം കൂട്ടാൻ ഫോൺ ഫാമിങ് നടത്തിയെന്നും പരാതിയിൽ പറയുന്നു.

കേരള ടെലിവിഷൻ ഫെഡറേഷന്റെ സംസ്ഥാന പ്രസിഡൻ്റ് എന്ന നിലക്കാണ് ശ്രീകണ്ഠഠൻ നായർ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകിയിരിക്കുന്നത്. കേരളത്തിലെ ടെലിവിഷൻ ചാനൽ ഉടമ കോടികൾ കൊടുത്ത് റേറ്റിങ് അനുകൂലമാക്കിയെന്ന് ആർ.ശ്രീകണ്‌ഠൻ നായർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.

മലേഷ്യ, തായ് ‌ലാൻഡ് എന്നീ രാജ്യങ്ങളിലെ ഫോൺ ഫാമിങ് ഏജൻസികൾക്ക് കോടികൾ നൽകി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് യൂട്യൂബ് വ്യൂവർഷിപ്പ് ഉയർത്തി റേറ്റിങ് തട്ടിപ്പിന് പശ്ചാത്തലമൊരുക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 24 ന്യൂസാണ് ചാനൽ ഉടമയും ബാർക് ഏജൻസിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിൻ്റെ വിവരങ്ങൾ പുറത്തുവിട്ടത്. ബാർക് ഉദ്യോഗസ്ഥനും ചാനൽ ഉടമയും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെയും വാട്‌സാപ്പ് ചാറ്റുകളുടെയും വിശദാംശങ്ങളും 24 പുറത്തുവിട്ടിട്ടുണ്ട്.

Read more