കളി കേരളത്തിനോടോ?; തെലങ്കാനയുടെ പണിയ്ക്ക് മറു പണി കൊടുത്ത് കേരളം

റോഡ് നികുതി ഈടാക്കുന്ന കാര്യത്തില്‍ കേരള രജിസ്ട്രേഷന്‍ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ തയ്യാറാവില്ല എന്ന് ഉറപ്പായതോടെ തെലങ്കാന റജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക കേരളവും നികുതി ചുമത്തിത്തുടങ്ങി. സാധാരണ സംസ്ഥാനങ്ങള്‍ തമ്മിലുണ്ടാക്കുന്ന ധാരണ പ്രകാരം റോഡ് നികുതി ഒഴിവാക്കാറുണ്ട്. കേരളവും ആന്ധപ്രദേശുംതമ്മില്‍ റോഡ് നികുതിയുടെ കാര്യത്തില്‍ ധാരണയായതായിരുന്നു. ആന്ധ്ര വിഭജിച്ചതോടെ തെലങ്കാന ഈ ധാരണ പാലിക്കാതെയായി. ഇതോടെയാണു കേരളത്തിനു പുനര്‍ചിന്തനം നടത്തേണ്ടി വന്നത്.

കേരള രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് ആന്ധ്രയിലേക്ക് പ്രവേശിക്കാന്‍ പ്രത്യേക റോഡ് നികുതി നല്‍കേണ്ടതില്ല. സ്പെഷല്‍ പെര്‍മിറ്റ് മാത്രം കാണിച്ചാല്‍ മതി. തമിഴ്നാട്ടിലേക്കു പ്രവേശിക്കുമ്പോഴും ഇതു തന്നെയാണ് പതിവ്. ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കേരളത്തിലേക്കു പ്രവേശിക്കുമ്പോഴും ഇതുതന്നെയാണ് പതിവ്.

2015 ഏപ്രില്‍ ഒന്നു മുതല്‍ കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്ക് തെലങ്കാന റോഡ് നികുതി ചുമത്തിത്തുടങ്ങിയിരുന്നു. എന്നാല്‍ തെലങ്കാന രജിസ്ട്രേഷന്‍ വാഹനങ്ങള്‍ക്കു കേരളത്തിലേക്കു കടക്കുന്നതിനു റോഡ് നികുതി ഈടാക്കിയിരുന്നില്ല. പരാതി നല്‍കിയിട്ടും തെലങ്കാന തീരുമാനത്തില്‍ നിന്ന് പിന്മാറാത്ത സാഹചര്യത്തില്‍് അവിടെ നിന്നുള്ള വാഹനങ്ങളില്‍ നിന്നു റോഡ് നികുതി ഈടാക്കാന്‍ കഴിഞ്ഞ ആഴ്ച ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിടുകയായിരുന്നു.

370 രൂപയാണു കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്ക് സീറ്റൊന്നിന് തെലങ്കാന ചുമത്തുന്നത്. 49 സീറ്റുള്ള വണ്ടിക്ക് 18,000 രൂപ നല്‍കണം. ഒരാഴ്ചത്തേക്കാണിത്. തെലങ്കാന രജിസ്ട്രേഷന്‍ വാഹനങ്ങളില്‍ നിന്നു സീറ്റൊന്നിന് 300 രൂപയാണു കേരളം വാങ്ങുന്നത്. പുഷ്ബാക്ക് സീറ്റിന് 400 രൂപയും. കേരളവും കര്‍ണാടകയും തമ്മില്‍ റോഡ് നികുതി സംബന്ധിച്ചു ധാരണയില്ല. കേരള വാഹനങ്ങള്‍ക്ക് സീറ്റൊന്നിനു കര്‍ണാടക 600 രൂപ വാങ്ങുമ്പോള്‍ അവിടെ നിന്നുള്ള വാഹനങ്ങളില്‍ നിന്നു കേരളം ഈടാക്കുന്നത് 300 രൂപ മാത്രമാണ്.

തെലങ്കാന റജിസ്ട്രേഷന്‍ കോണ്‍ട്രാക്ട് കാര്യേജ് വണ്ടികളില്‍നിന്ന് റോഡ് നികുതി ഈടാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം കേരളത്തിന് നേട്ടമാണ്. നികുതി വരുമാനത്തില്‍ വര്‍ധനയുണ്ടാക്കാന്‍ ഈ തീരുമാനത്തിലുടെ കഴിയും. ശബരിമല സീസണില്‍ നൂറുകണക്കിന് വാഹനങ്ങളാണ് തെലങ്കാനയില്‍നിന്നു കേരളത്തിലേക്ക് എത്തുന്നത്.