റോഡില്‍ കുഴിയുണ്ടാകുന്നത് യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ല: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

യാത്രക്കാരുടെ കുഴപ്പം കൊണ്ടല്ല റോഡില്‍ കുഴിയുണ്ടാകുന്നതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍.
അധികൃതരെ ചോദ്യം ചെയ്യാന്‍ യാത്രക്കാര്‍ക്ക് കഴിയുന്നില്ല. റോഡ് സുരക്ഷയെന്നാല്‍ ഗട്ടറില്‍നിന്ന് ഒഴിഞ്ഞുമാറി ഡ്രൈവ് ചെയ്യുന്നതല്ല. റോഡ് നന്നാക്കാന്‍ പറയേണ്ടത് കോടതിയാണോ എന്നും ഉദ്യോഗസ്ഥര്‍ വേണ്ടത് ചെയ്യുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. അപകടരഹിത കൊച്ചി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ജനങ്ങളോട് നിങ്ങള്‍ സുരക്ഷിതരായിരിക്കണം, ഹെല്‍മെറ്റ് വെക്കണം, സീറ്റ് ബെല്‍റ്റ് ഇടണം എന്നുപറയുന്നതിനൊപ്പം തന്നെ റോഡ് പരിപാലിക്കുന്നവര്‍ തങ്ങള്‍ ചെയ്യുന്നത് കൃത്യമാണെന്ന് ജനങ്ങള്‍ക്ക് ഒരു ഉറപ്പ് കൊടുക്കണം. നമ്മള്‍ റോഡില്‍ കാണുന്ന എല്ലാ നിയമലംഘനങ്ങളും ജനങ്ങള്‍ ഉണ്ടാക്കുന്നതല്ല. അധികൃതര്‍ കണ്ണടയ്ക്കുന്നതോ, അധികൃതര്‍ ഉണ്ടാക്കുന്നതോ ആണ്. കുഴി ജനങ്ങളുണ്ടാക്കുന്നതല്ല. നമ്മളാരും പിക്കാസ് കൊണ്ടുപോയി കുഴി ഉണ്ടാക്കുന്നില്ല’, അദ്ദേഹം പറഞ്ഞു.