റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി

ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെർച്ച് കമ്മറ്റി ചെയർപേഴ്സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. സ്ഥിരം വിസി നിയമനത്തിന് സംസ്ഥാനവും ഗവര്‍ണറും നൽകിയ പട്ടികയുടെ അടിസ്ഥാനത്തിൽ കമ്മറ്റി രൂപീകരിക്കുമെന്നും രണ്ടുപേർ ചാൻസിലറുടെ നോമിനി, രണ്ടുപേർ സംസ്ഥാനത്തിന്റെ നോമിനി എന്ന നിലയിൽ സെർച്ച് കമ്മിറ്റി രൂപീകരിക്കുമെന്നും കോടതി അറിയിച്ചു.

രണ്ടാഴ്ചക്കുള്ളിൽ സമിതി രൂപീകരിക്കണമെന്നും ഒരു മാസത്തിനുള്ളിൽ നടപടികളിൽ പുരോഗതി അറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ജഡ്ജിയെ സെർച്ച് കമ്മിറ്റിയുടെ ചെയർപേഴ്സൺ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിന്‍റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്.

ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ നേരത്തെ അറിയിച്ചിരുന്നു. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്. പിന്നാലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മറ്റി രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനായി കേരള സര്‍ക്കാരിനോടും ഗവര്‍ണറോടും പാനല്‍ പട്ടിക തയ്യാറാക്കി സമര്‍പ്പിക്കാനും ഉത്തരവിട്ടിരുന്നു.

Read more