ബലാത്സംഗ കേസ്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന് പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും. നേരത്തെ അഡീഷണല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ കോടതിയില്‍ ഹാജരാകാന്‍ അസൗകര്യം അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

ഹര്‍ജി മാറ്റിയതിനെ തുടര്‍ന്ന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. വിലക്കും ഇന്ന് അവസാനിക്കും. അന്വേഷണവുമായി സഹകരിക്കണമെന്നും പരാതിക്കാരിയുമായി സംസാരിക്കാനോ ആശയവിനിമയം നടത്താനോ പാടില്ലെന്നുമുള്ള ഉപാധികളോടെയാണ് അറസ്റ്റ് തടഞ്ഞത്. സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

നേരത്തെ ജാമ്യഹര്‍ജികള്‍ പരിഗണിച്ച വേളയില്‍ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് 30 സാക്ഷികളില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. വിജയ്ബാബുവിന്റെ രണ്ട് മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നു.

കേസിനെ തുടര്‍ന്ന് ഒളിവില്‍ പോയ വിജയ് ബാബു ജൂണ്‍ ഒന്നാം തീയതിയാണ് കൊച്ചിയില്‍ തിരിച്ചെത്തിയത്. നാട്ടില്‍ എത്തിയ ഉടന്‍ തന്നെ ചോദ്യം ചെയ്യലിനായി പൊലീസിന് മുന്നില്‍ ഹാജരായിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധമെന്നും സിനിമയില്‍ അവസരം നിഷേധിച്ചപ്പോള്‍ പരാതി ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്റെ ആരോപണം. ഗോള്‍ഡന്‍ വിസയുമായി ബന്ധപ്പെട്ടാണ് വിദേശത്തേക്ക് പോയതെന്നും പരാതിയുടെ വിവരങ്ങള്‍ അവിടെ വച്ചാണ് അറിഞ്ഞതെന്നും നടന്‍ കോടതിയെ അറിയിച്ചിരുന്നു.