രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിൽ പൊലീസ് എഫ്ഐആറിലുള്ള വടകരയിലെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ രംഗത്ത്. വടകരയിൽ ആരാണ് രാഹുലിന്റെ സംരക്ഷകൻ എന്നും ആരുടെ ഉടമസ്ഥതയിലാണ് ഫ്ലാറ്റെന്ന് കണ്ടെത്തണമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.
അതിജീവിതമാരെ അധിക്ഷേപിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രശാന്ത് ശിവൻ കുറ്റപ്പെടുത്തി. രാഹുലിന്റെ രാജി ആവശ്യപ്പെടാൻ കോൺഗ്രസ് തയാറാകുന്നില്ലെന്നും പ്രശാന്ത് ശിവൻ കൂട്ടിച്ചേർത്തു. അതേസമയം മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതക്കയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്വന്നിരുന്നു. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്ന് രാഹുൽ ഭീഷണി മുഴക്കിയിട്ടുണ്ട്. കൂടാതെ തന്നെ പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ട എന്നും രാഹുൽ അയച്ച സന്ദേശത്തിൽ പറയുന്നു.
കുറ്റസമ്മതം നടത്താനാണ് തിരുമാനമെന്നും രാഹുൽ പറയുന്നുണ്ട്. പെൺകുട്ടിയോട് വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുൽ വെല്ലുവിളിക്കുന്നുണ്ട്. കുറ്റസമ്മതം നടത്താനാണ് തിരുമാനമെന്നും അങ്ങനെ താൻ മാത്രം മോശം ആകുന്ന പരിപാടി നടക്കില്ലെന്നും രാഹുൽ പറയുന്നു. എല്ലാത്തിന്റെയും എക്സ്ട്രീം കഴിഞ്ഞു നിൽക്കുകയാണ്. ഒരുമാസം മുന്നേ ആയിരുന്നു ഇതൊക്കെ എങ്കിൽ ഞാൻ മൈൻഡ് ചെയ്യുമായിരുന്നു. ഇനി ഒന്നും സറണ്ടർ ചെയ്യില്ല എന്ന തീരുമാനം ഉണ്ടെന്നും രാഹുൽ അയച്ച മെസേജിൽ പറയുന്നു.







