ഇല്ലാത്ത അധികാരം മന്ത്രി എടുക്കാന്‍ ഇതെന്താ വെള്ളരിക്കപ്പട്ടണമോ; ലോകായുക്ത വിധിക്കെതിരെ രമേശ് ചെന്നിത്തല

കണ്ണൂര്‍ വി സി പുനര്‍ നിയമനക്കേസില്‍ മന്ത്രി ആര്‍ ബിന്ദു കുറ്റക്കാരിയല്ലെന്ന് ലോകായുക്ത വിധിച്ചിരുന്നു. മന്ത്രി സ്വജനപക്ഷപാതം നടത്തിയിട്ടില്ല നിര്‍ദ്ദേശം നല്‍കുകയാണ് ചെയ്തത്. നിര്‍ദ്ദേശത്തെ ഗവര്‍ണ്ണര്‍ക്ക് തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും ലോകായുക്ത വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വിധിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഹര്‍ജിക്കാരനും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല.

മന്ത്രി ബിന്ദുവിനെതിരായ പരാതിയില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇല്ലാത്ത അധികാരം എടുക്കാന്‍ ഇതെന്താ വെള്ളരിക്കാപട്ടണമാണെന്ന് കരുതിയോ എന്നും രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാല വി സി പുനര്‍നിയമനത്തില്‍ മന്ത്രി ക്രമവിരുദ്ധമായി ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ഹരജി നല്‍കിയിരുന്നത്. ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടാണ് വി സി നിയമനത്തില്‍ പ്രൊപ്പോസല്‍ നല്‍കിയതെന്നു സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ ഓഫീസിന്റെ കത്തും ഹാജരാക്കി.എന്നാല്‍ ഇത് നിഷേധിച്ച് ഗവര്‍ണറുടെ ഓഫീസ് ഇന്നലെ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു.