രാജ്യസഭാ സീറ്റ്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെ, പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി കെ.പി.സി.സി

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് നാളെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ തീരുമാനം ഹൈക്കമാന്‍ഡിന് കൈമാറിയിരിക്കുകയാണ് കെപിസിസി. ഹൈക്കമാന്‍ഡ് പാനലിനാണ് കെപിസിസി പട്ടിക സമര്‍പ്പിച്ചത്.

അതേസമയം, കെപിസിസി ഹൈക്കമാന്‍ഡിന് കൈമാറിയ പട്ടികയില്‍ ശ്രീനിവാസന്‍ കൃഷ്ണന്റെ പേരില്ല. എം ലിജു, സതീശന്‍ പാച്ചേനി, ജെബി മേത്തര്‍ എന്നിവര്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് പട്ടികയിലുള്ളത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്ന സാഹചര്യത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വാര്‍ത്താസമ്മേളനം റദ്ദ് ചെയ്തിരുന്നു. ഒരു ഡസനിലേറെ പേരുകള്‍ പട്ടികയില്‍ ഇടംനേടിയതോടെയാണ് ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി തിങ്കളാഴ്ചയാണ്.

അതേസമയം, യുവാക്കളെ തന്നെ പരിഗണിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചത് എന്നാണ് ഇന്നലെ കെ സുധാകരന്‍ പറഞ്ഞത്. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് മാനദണ്ഡങ്ങളൊന്നും നിശ്ചയിച്ചിട്ടില്ല. ചര്‍ച്ച ചെയ്ത് തന്നെ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും. ഹൈക്കമാന്‍ഡ് ആരുടെയും പേര് നിര്‍ദേശിച്ചിട്ടില്ലെന്നും സുധാകരന്‍ ഇന്നലെ പറഞ്ഞിരുന്നു.