'കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണട്ടെ'; നേരത്തേ എത്തിയത് എന്തിനെന്ന് വിശദമാക്കി രാജീവ് ചന്ദ്രശേഖർ

വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് നേരത്തേ എത്തിയത് പ്രവർത്തകർ നേരത്തെ എത്തിയതിനാലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്നമുണ്ടെങ്കിൽ ഡോക്ടറെ കാണട്ടെ എന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു. എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിൻ വിട്ടുകഴിഞ്ഞു എന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

‘ഞാൻ നേരത്തേ വന്നതിലാണ് സങ്കടം. എന്തുകൊണ്ട് നേരത്തെ വന്നു? പ്രവർത്തകർ നേരത്തേ വന്നതുകൊണ്ട് സംസ്ഥാന പ്രസിഡന്റായ ഞാനും അവർക്കൊപ്പം വരണമെന്ന് കരുതിയാണ് നേരത്തെ എത്തിയത്. 8.45ന് അവിടെ എത്തി. എല്ലാവരും വിഐപി ലോഞ്ചിലേക്കു പോയപ്പോൾ എന്റെ പ്രവർത്തകരെ കാണണമെന്ന് പറഞ്ഞാണ് ഞാൻ നേരത്തേ വേദിയിൽ കയറിയത്’ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

രാജ്യത്തിന്റെ പ്രധാന പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ പ്രവർത്തകർ ഭാരത് മാതാ കീ ജയ് പറഞ്ഞു, ഒപ്പം ഞാനും ഭാരത് മാതാ കീ ജയ് പറഞ്ഞുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇതെല്ലാം കാണുമ്പോൾ കമ്യൂണിസ്റ്റ് രാജവംശത്തിന്റെ മരുമകന് സങ്കടം. ഒരു ഡോക്ടറെ പോയി കാണുന്നതാണ് ആ സങ്കടത്തിനുള്ള മരുന്ന്. ഇതിനൊക്കെ സങ്കടപ്പെട്ടാൽ വരുംകാലത്ത് ധാരാളം സങ്കടപ്പെടും.

Read more

ഇവിടെ ഇനി ഉറക്കം ഉണ്ടാകില്ലെന്ന് മോദിജി പറഞ്ഞു. അത് ശരിയാണ്. ഇന്നലെ രാത്രി മുഴുവൻ സിപിഎമ്മുകാർ എന്നെ ട്രോൾ ചെയ്യുകയായിരുന്നു. ഈ ട്രെയിൻ നിൽക്കില്ല. ഈ ട്രെയിനിൽ ഇടതുപക്ഷത്തിനു കയറണമെങ്കിൽ കയറാം, മരുമകനും കയറാമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിൽ മാറ്റം വരുത്താൻ ബിജെപിക്കേ കഴിയൂ. ബിജെപിയെ അധികാരത്തിൽ എത്തിച്ചിട്ടേ ഞാൻ ഇവിടെ നിന്ന് പോകൂവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.