'ഹോട്ടലിൽ എത്തിയത് യുവതിയുമായി സംസാരിക്കാനെന്ന് രാഹുലിന്റെ മൊഴി, പീഡന പരാതിയിൽ മറുപടിയില്ല'; ലാപ്ടോപ്പ് കണ്ടെത്താൻ പാലക്കാടും വടകരയിലും കൂടുതൽ പരിശോധന

മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രാഥമിക മൊഴി വിവരങ്ങൾ പുറത്ത്. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലിൽ എത്തിയെന്ന കാര്യം രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചു. യുവതിയുമായി സംസാരിക്കാനാണ് എത്തിയതെന്ന് രാഹുൽ പൊലീസിനോട് പറഞ്ഞു. അതേസമയം പീഡന പരാതിയിൽ രാഹുൽ മറുപടി പറഞ്ഞില്ല.

408 നമ്പർ റൂമും തിരിച്ചറിഞ്ഞു. രാഹുൽ B R എന്ന രജിസ്റ്ററിലെ പേരും നിർണായക തെളിവെന്ന് എസ്ഐടി വ്യക്തമാക്കി. എന്നാൽ ലാപ്ടോപ്പ് എവിടെയെന്ന ചോദ്യത്തിന് രാഹുൽ മറുപടി നൽകിയില്ല. പിടിച്ചെടുത്ത മൊബൈലുകളുടെ പാസ് വേഡും നൽകുന്നില്ല. നിർണായക ദൃശ്യങ്ങളും ചാറ്റും കണ്ടെത്താതിരിക്കാനുള്ള നീക്കമെന്ന് പൊലീസ് പറയുന്നു.

രാഷ്ട്രീയ നേതാക്കളുമായുള്ള ചാറ്റും മൊബൈലിലുണ്ടായേക്കാമെന്ന് വിലയിരുത്തി എസ്ഐടി കരുതുന്നു. തെളിവെടുപ്പിന് ശേഷം രാഹുൽ മാങ്കൂട്ടത്തിലുമായി അന്വേഷണ സംഘം പത്തനംതിട്ട എആർ ക്യാമ്പിൽ തിരിച്ചെത്തി. ലാപ്ടോപ്പ് കണ്ടെത്താൻ പാലക്കാടും വടകരയിലും കൂടുതൽ പരിശോധന നടത്താൻ അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ് നടത്തിയത്.

Read more