'രാഹുൽ മാങ്കുട്ടത്തിൽ ഇപ്പോഴും എംഎൽഎ, പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല'; ദീപദാസ് മുൻഷിക്ക് കടുത്ത അതൃപ്തി

ഗുരുതര ആരോപണങ്ങളും പരാതികളുമായി നിൽക്കുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തതിൽ കേരളത്തിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിക്ക് കടുത്ത അതൃപ്തി. രണ്ട് ബലാത്സംഗ കേസുകളിലെ പ്രതികൂടിയായ രാഹുൽ മാങ്കുട്ടത്തിൽ ഇപ്പോഴും എംഎൽഎ ആയി തുടരുകയാണെന്നും പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നതുമാണ് ദീപദാസ് മുൻഷിക്ക് കടുത്ത അതൃപ്തിക്ക് കാരണം.

കോൺഗ്രസിലെ പല വാട്‌സാപ്പ് ഗ്രൂപ്പുകളിൽ നിന്നും രാഹുലിനെ പുറത്താക്കിയിരുന്നു. എന്നാൽ പാർട്ടിയിൽ നിന്നും രാഹുലിനെ പുറത്താക്കുന്നതിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി വരുന്നത് വരെ കാത്തിരിക്കണമെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ് പ്രസിഡന്റുമാരും. രാഹുലിനെ പുറത്താക്കണമെന്ന ശുപാർശ കെപിസിസിയിൽ നിന്ന് ഇന്നലെ ലഭിക്കുമെന്ന് ദീപദാസ് മുൻഷി പ്രതീക്ഷിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിയതിനാൽ അതുണ്ടായില്ല.

അതേസമയം രാഹുലിനെതിരെ ലഭിച്ച പരാതികളിൽ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഓഫിസുകൾ വിവരങ്ങൾ തേടിയിട്ടുണ്ട്. പരാതികൾ ഗുരുതര സ്വഭാവമുള്ളതെന്നാണ് ദീപദാസ് നേതൃത്വത്തെ അറിയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലും വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും വിഷയം ദോഷം ചെയ്യുമെന്നും ദീപ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. രാഹുലിനെ പുറത്താക്കിയില്ലെങ്കിൽ സിപിഎം – ബിജെപി പ്രചാരണം അതിന്മേൽ ആകുമെന്നും ദീപ ദാസ് മുൻഷി നേതാക്കളെ ധരിപ്പിച്ചിട്ടുണ്ട്.

Read more