'രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം, കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണം'; മന്ത്രി വി ശിവൻകുട്ടി

ബലാത്സംഗ കേസിലെ അറസ്റ്റിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്ത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണമെന്ന് പറഞ്ഞ മന്ത്രി രാഹുൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോ എന്നും ചോദിച്ചു.

വാർത്തകളിൽ നിന്ന് മനസിലാക്കുന്നത് രാഹുലിനെതിരെ ഇത് മൂന്നാമത്തെ കേസാണ് എന്നാണെന്നും ഒരു ജനപ്രതിനിധി ഇത്തരത്തിൽ തുടർച്ചയായി ക്രിമിനൽ കേസുകളിൽ, പ്രത്യേകിച്ച് സ്ത്രീപീഡന കേസുകളിൽ ഉൾപ്പെടുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണെന്നും മന്ത്രി കുറിച്ചു. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് സാമ്പത്തിക ചൂഷണം നടത്തി എന്ന ആരോപണവും നിസ്സാരമായി തള്ളിക്കളയാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതിജീവിതയുടെ പരാതിയിൽ നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മണ്തരി പറഞ്ഞു. പൊലീസ് സ്വതന്ത്രമായി അന്വേഷണം നടത്തും. തെളിവുകളുടെ അടിസ്ഥാനത്തിൽ ബഹു.കോടതി അന്തിമ തീരുമാനം എടുക്കട്ടെ. പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ കാലയളവിൽ കുറ്റാരോപിതർ എത്ര ഉന്നതരായാലും മുഖം നോക്കാതെ പോലീസ് നടപടികൾ ഉണ്ടായിട്ടുണ്ട് എന്നത് ചരിത്രമാണെന്നും മന്ത്രി പറഞ്ഞു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, നടൻ ദിലീപ്, തന്ത്രി കണ്ഠരര് രാജീവര്, മുൻ എം.എൽ.എ പി.സി. ജോർജ്, മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി ഖമറുദ്ധീൻ, മോൻസൺ മാവുങ്കൽ, രാഹുൽ ഈശ്വർ, ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരുടെ പേരുകൾ പരാമര്ശിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും സർക്കാർ വേട്ടക്കാരനൊപ്പമല്ല, ഇരയ്ക്കൊപ്പമാണെന്നും മണ്തരി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജിവെക്കണം; കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് കോൺഗ്രസ് അവസാനിപ്പിക്കണം
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സംഭവം അതീവ ഗൗരവതരമാണ്. ഒരു ജനപ്രതിനിധി എന്ന നിലയിൽ സമൂഹത്തിന് മാതൃകയാകേണ്ട ഒരാളിൽ നിന്ന് ഒരിക്കലും കേൾക്കാൻ പാടില്ലാത്ത, അതിഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നത്.
ബലാത്സംഗം, ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കൽ, സാമ്പത്തിക ചൂഷണം എന്നിവയൊന്നും സാധാരണ കുറ്റകൃത്യങ്ങളായി കാണാൻ കഴിയില്ല. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഈ സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് ആവർത്തിച്ചു വ്യക്തമാക്കുന്നു.
വാർത്തകളിൽ നിന്ന് മനസിലാക്കുന്നത് രാഹുലിനെതിരെ ഇത് മൂന്നാമത്തെ കേസാണ് എന്നാണ്. ഒരു ജനപ്രതിനിധി ഇത്തരത്തിൽ തുടർച്ചയായി ക്രിമിനൽ കേസുകളിൽ, പ്രത്യേകിച്ച് സ്ത്രീപീഡന കേസുകളിൽ ഉൾപ്പെടുന്നത് ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണ്. പാലക്കാട് ഫ്ലാറ്റ് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് സാമ്പത്തിക ചൂഷണം നടത്തി എന്ന ആരോപണവും നിസ്സാരമായി തള്ളിക്കളയാനാകില്ല.
ഇവിടെ കോൺഗ്രസ് നേതൃത്വത്തോട് ചില ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹിക്കുന്നു:
ഈ ക്രൂരമായ കുറ്റകൃത്യത്തെ രാഷ്ട്രീയമായി ന്യായീകരിക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെടാൻ കോൺഗ്രസ് നേതൃത്വം തയ്യാറുണ്ടോ? അതോ കുറ്റാരോപിതനെ സംരക്ഷിക്കുന്ന പതിവ് രീതിയാണോ ഇവിടെയും സ്വീകരിക്കുന്നത്?
രാഹുൽ രാജി വെക്കാൻ തയ്യാറാകുന്നില്ലെങ്കിൽ, അത് രാഹുലിന്റെ കുറ്റകൃത്യത്തിനുള്ള കോൺഗ്രസ്‌ പാർട്ടിയുടെ പിന്തുണയായി തന്നെ ജനങ്ങൾക്ക് കണക്കാക്കേണ്ടി വരും. എംഎൽഎയ്ക്ക് ഒളിഞ്ഞും തെളിഞ്ഞും സഹായം നൽകുന്നതിലൂടെ ആ പാർട്ടി എത്രത്തോളം അധഃപതിച്ചിരിക്കുന്നു എന്ന് വ്യക്തമാവുകയാണ്.
അതിജീവിതയുടെ പരാതിയിൽ നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പോലീസ് സ്വതന്ത്രമായി അന്വേഷണം നടത്തും; തെളിവുകളുടെ അടിസ്ഥാനത്തിൽ ബഹു.കോടതി അന്തിമ തീരുമാനം എടുക്കട്ടെ.
പിണറായി വിജയൻ നയിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ കുറ്റാരോപിതർ എത്ര ഉന്നതരായാലും മുഖം നോക്കാതെ പോലീസ് നടപടികൾ ഉണ്ടായിട്ടുണ്ട് എന്നത് ചരിത്രമാണ്.
കഴിഞ്ഞ കാലയളവിൽ അറസ്റ്റിലായ പ്രമുഖ പദവികളിൽ ഉള്ളവരെ നോക്കൂ:
* ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ
* നടൻ ദിലീപ്
* തന്ത്രി കണ്ഠരര് രാജീവര്
* മുൻ എം.എൽ.എ പി.സി. ജോർജ്
* മഞ്ചേശ്വരം മുൻ എം.എൽ.എ എം.സി ഖമറുദ്ധീൻ
* മോൻസൺ മാവുങ്കൽ
* രാഹുൽ ഈശ്വർ
* ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും.
നിയമം എല്ലാവർക്കും ഒരുപോലെയാണ്. വേട്ടക്കാരനൊപ്പമല്ല, ഇരയ്ക്കൊപ്പമാണ് ഈ സർക്കാർ.