പ്രസ്‌ ക്ലബ്ബിന്റെ മറവില്‍ ഭാര്യയെ സ്ഥിരപ്പെടുത്താന്‍ രാധാകൃഷ്ണന്‍ നീക്കം നടത്തി; സദാചാര കേസില്‍ പ്രതിയായിട്ടും വീണ്ടും അധികാരമോഹം

സ്വന്തം ഭാര്യയെ സ്ഥിരപ്പെടുത്താന്‍ ആരോഗ്യമന്ത്രിക്കയച്ച പ്രസ്‌ ക്ലബ്ബ് സെക്രട്ടറിയുടെ കത്ത് പുറത്ത്. ആര്‍സിസിയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് എട്ടു പേരുടെ പട്ടികയും ശിപാര്‍ശ കത്തും തിരുവനന്തപുരം പ്രസ്‌ ക്ലബ്ബ് സെക്രട്ടറിയായ രാധാകൃഷ്ണന്‍ മന്ത്രിക്ക് നല്‍കിയത്. ആര്‍സിസിയില്‍ ജോലി ചെയ്യുന്ന തന്റെ ഭാര്യ അടക്കമുള്ളവരെ സ്ഥിരപ്പെടുത്താനാണ് രാധാകൃഷ്ണന്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനം ഉപയോഗിച്ചത്. 2019 ജൂലൈ മാസം രണ്ടാം തിയതിയാണ് രാധാകൃഷ്ണന്‍ ഒപ്പിട്ട കത്ത് മന്ത്രിക്ക് നല്‍കിയത്. ഓഗസ്റ്റ് 1ന് മന്ത്രി ഒപ്പിട്ട ഫയല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്‍കുകയും ചെയ്തു.

സംസ്ഥാനത്ത് നിരവധി മേഖലകളില്‍ താത്കാലിക ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെ പ്രസ് ക്ലബ്ബ് സെക്രട്ടറി എന്തിനാണ് ചിലര്‍ക്ക് വേണ്ടി മാത്രം ശിപാര്‍ശ കത്ത് നല്‍കുന്നതെന്നാണ് അംഗങ്ങള്‍ ഉന്നയിക്കുന്ന ചോദ്യം. മറ്റേതെങ്കിലും മേഖലയിലുള്ളവര്‍ക്ക് വേണ്ടി ഇദ്ദേഹം കത്തു നല്‍കിയിട്ടുണ്ടോ എന്നും ചോദ്യം ഉയരുന്നുണ്ട്. പ്രസ് ക്ലബ്ബ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാധാകൃഷ്ണന്റെ പാനലില്‍ മത്സരിക്കുന്ന പലരും പിന്മാറിയിരുന്നു. രാധാകൃഷ്ണന്റെ ആക്രമണത്തിനിരയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് പിന്തുണ അറിയിച്ച് വനിതാ മാധ്യമ കൂട്ടായ്മയും രംഗത്തെത്തി.

നേരത്തെ വനിതാ ജീവനക്കാരിയെ വീട്ടില്‍ കയറി അസമയത്ത് അസഭ്യം പറഞ്ഞ കേസില്‍ രാധാകൃഷ്ണനെ കേരളാ കൗമുദി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബ്ബ് സെക്രട്ടറി സ്ഥാനത്തെത്തിയതിലും വനിതാ പത്രപ്രവര്‍ത്തകരടക്കം പ്രതിഷേധം അറിയിച്ചിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നിലനില്‍ക്കേ രാധാകൃഷ്ണന്‍ ഇത്തവണ വീണ്ടും പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

കേരള കൗമുദിയിലെ സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി സദാചാര പൊലീസ് ചമഞ്ഞ കേസില്‍ 2019 ഡിസംബര്‍ 17ന് രാധാകൃഷ്ണനെ പ്രസ്‌ ക്ലബിലെത്തി പേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വനിതാ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധവും, മാധ്യമ വാര്‍ത്തകളും കണക്കിലെടുത്ത് വനിതാ കമ്മീഷനും രാധാകൃഷ്ണനെതിരെ കേസെടുത്തിരുന്നു.

കേരള കൗമുദിയില്‍ പ്രൂഫ്‌ റീഡറായിരുന്ന രാധാകൃഷ്ണനും സംഘവും സഹപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറുകയും ചെയ്തുവെന്നാണ് കേസ്. നേരത്തെ പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പകയാണ് രാധാകൃഷ്ണന് തന്നോടെന്ന് യുവതി തുറന്നു പറഞ്ഞിട്ടുണ്ട്.

രാധാകൃഷ്ണന്‍ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെ നെറ്റ് വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ ഇന്ത്യ, പ്രസ്താവന ഇറക്കിയിരുന്നു. നേരത്തെ വനിതാ മാധ്യമ പ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്ന് രാധാകൃഷ്ണനെ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ അധികാര സ്ഥാനത്തേക്ക് രാധാകൃഷ്ണന്‍ എത്തുന്നത്. പിന്നീട് 2021 ഏപ്രില്‍ മുതലാണ് അനുകൂല കോടതി വിധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് രാധാകൃഷ്ണന്‍ വീണ്ടും പ്രസ് ക്ലബ്ബില്‍ സജീവമായത്. കോവിഡ് കാലത്ത് കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തി പ്രമുഖ രാഷ്ട്രീയ നേതാക്കളെ എത്തിച്ചാണ് രാധാകൃഷ്ണന്‍ ഇത്തവണ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്.