കെ.ജെ ജേക്കബ്
“മുല്ലപ്പെരിയാർ അണക്കെട്ടിന് ഇപ്പോൾ ബലക്ഷയമില്ല. അണക്കെട്ടിനെപ്പറ്റി പരിഭ്രാന്തി പടർത്തുന്നവർക്കെതിരെ നിയമനടപടി എടുക്കുന്നത് ആലോചിക്കേണ്ടി വരും.” മുഖ്യമന്ത്രി പിണറായി വിജയൻ, കഴിഞ്ഞയാഴ്ച നിയമസഭയിൽ.
എന്റെ ഓർമ്മയിൽ, എന്റെ കണക്കിൽ ഏതെങ്കിലും കേരള ഭരണാധികാരി മുല്ലപ്പെരിയാർ വിഷയത്തിൽ ഏറ്റവും സത്യസന്ധമായ, കേരളതാല്പര്യത്തിനു ഏറ്റവും യോജിച്ച ഒരു നിലപാട് പരസ്യമായി എടുക്കുന്നത് ഇതാദ്യമായായിരുന്നു.
ബാക്കിയെല്ലാം, 1886-ലെ കരാറുമുതൽ 1970-ലെ പുതിയ കരാറും പിന്നീടിങ്ങോട്ടുള്ള എല്ലാ നിലപാടുകളും കേസുകളും മുല്ലപ്പെരിയാർ ഡാമിലെ ജലനിരക്കു 136 അടിയാക്കി നിജപ്പെടുത്തിക്കൊണ്ടുള്ള നിയമമടക്കം എല്ലാം നമുക്ക് നഷ്ടക്കച്ചവടമായിരുന്നു. കാരണം അവയെല്ലാം ഉഡായിപ്പുകളായിരുന്നു; സ്വന്തം കണ്ണിലും ഈ നാട്ടിലെ പാവപ്പെട്ട മനുഷ്യരുടെ കണ്ണിലും പൊടിയിടാനുള്ള ചെപ്പടിവിദ്യകളായിരുന്നു.
അതെല്ലാം പൊളിഞ്ഞുപോവുകയും ചെയ്തു.
രണ്ടു സുപ്രീം കോടതി വിധികളുടെ ലിങ്ക് ചുവടെ ചേർത്തിട്ടുണ്ട്. അതുവായിച്ചാൽ ഏതു മലയാളിയും നാണം കൊണ്ട് ചൂളും. ഉന്നയിച്ച ഏതെങ്കിലും വിഷയത്തിന്റെ നിയമപരമോ സാങ്കേതികമായതോ ആയ നിലനിപ്പ്പ് സുപ്രീം കോടതിയുടെ രണ്ടു ബെഞ്ചുകളെയും ബോധ്യപ്പെടുത്താൻ കേരളത്തിനായില്ല.
മാത്രമല്ല, എന്തിലും ഉടക്കുണ്ടാക്കുന്ന, സിസ്റ്റത്തോട് സഹകരിക്കാത്ത, ഉന്നയിക്കാൻ വാദമില്ലാതെ മുട്ടായുക്തികൾ പറയുന്ന വ്യവഹാരിയാണ് കേരളം എന്ന തോന്നൽ വിധിന്യായങ്ങളിൽ ഉടനീളം കാണാം; അവയോടുള്ള പ്രതികരണവും. ജലനിരപ്പുയർത്തിയാൽ അത് അവിടത്തെ പരിസ്‌ഥിതിയെയും ആവാസവ്യവസ്‌ഥയെയും ബാധിക്കുമെന്ന കേരളത്തിന്റെ വാദത്തെ വെള്ളം കൂടിയാൽ ആനകൾക്കും കടുവകൾക്കുമെല്ലാം സന്തോഷമാകും എന്ന് പറഞ്ഞു പരിഹസിക്കുകയാണ് കോടതി ചെയ്തത്.
1886-ലെ കരാർ നിയമാനുസൃതമാണെന്നു കാണിക്കാൻ നിന്ന നിൽപ്പിൽ കോടതി കാണിച്ച സർക്കസ് മറന്നുകൊണ്ടല്ല ഇത് പറയുന്നത്.
അണക്കെട്ടു ഇപ്പോൾ പൊട്ടും എന്ന് നിരന്തരം പറഞ്ഞുനടന്നിട്ടു കേരളത്തിന്റെ കൈയിൽ ആകെയുണ്ടായിരുന്നത് റൂർക്കി ഐ ഐ ടി യുടെ ഒരു പഠന റിപ്പോർട്ടാണ്. ഏകപക്ഷീയമായി കേരളം കമ്മീഷൻ ചെയ്ത ആ റിപ്പോർട്ട് പോലും പറയുന്നത്, റിപ്പോർട്ടുകളനുസരിച്ച്, വലിയ ഭൂകമ്പം വന്നാൽ അണക്കെട്ടിനെ ബാധിക്കാൻ സാധ്യതയുണ്ടെന്നും അത് അണക്കെട്ടിന്റെ തകർച്ചയിലേക്ക് നയിച്ചേക്കാമെന്നുമാണ്. (Both the Main Mullaperiyar dam and Baby Dam are likely to undergo damage which may lead to failure under static plus earthquake condition and therefore needs serious attention….”. From the Supreme Court judgment )
കോടതി നിയമിച്ച വിദഗ്ധ പാനലും കേന്ദ്ര ജലക്കമ്മീഷനുമടക്കം ഒരു നിക്ഷ്പക്ഷ മൂന്നാം കക്ഷിക്ക് അംഗീകരിക്കാൻ പറ്റുന്ന ഏജന്സികളെല്ലാം കൊടുത്ത റിപ്പോർട്ടുകൾ ഡാമിന്റെ ഉറപ്പിനെപ്പറ്റി ഉറപ്പുപറയുമ്പോൾ, അവ കോടതി അംഗീകരിക്കുമ്പോൾ, വൻഭൂകമ്പം വന്നാൽ അണക്കെട്ടിന് തകരാറുണ്ടായേക്കുമെന്നും അതുമൂലം അണക്കെട്ടു തകരാൻ സാധ്യതയുണ്ടെന്നുമൊക്കെ, തുടലറ്റുപോവുകയും പുഴ വറ്റിപ്പോവുകയും ചെയ്‌താൽ കടി പറ്റിയേക്കുമെന്ന നമ്പൂതിരി ഫലിത മട്ടിലുള്ള ഏകപക്ഷീയ റിപ്പോർട്ടും പിടിച്ചാണ് നമ്മുടെ യുദ്ധം. പിന്നെ ചാനൽ വിദഗ്ധരുടെയും മാധ്യമങ്ങളുടെയും വിദഗ്ധാഭിപ്രായവും.
സ്വയം പറ്റിക്കുന്നതിൽ നമ്മൾ ഉസ്താദുമാരായിരിക്കും; പക്ഷെ അത് മൂന്നാം കക്ഷിയുടെ മുൻപിൽ ചെലവാകില്ല. “ഇയാള് പൊട്ടനായിരിക്കും താനും പൊട്ടനായിരിക്കും പക്ഷെ ഞാൻ പൊട്ടനല്ല എന്ന് ‘പഞ്ചാബി ഹൌസി’ൽ ടെലഫോൺ ബൂത്തുകാരൻ കൊച്ചിൻ ഹനീഫയുടെ കഥാപാത്രത്തോട് പറഞ്ഞതാണ് കോടതികൾ നിരന്തരമായി നമ്മളോട് പറയുന്നത്.
***
2014-ഇൽ മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമില്ലെന്നുള്ള എംപവേർഡ് കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തിൽ ജലനിരപ്പ് 142 അടിയായി ഉയർത്താനുള്ള സുപ്രീം കോടതി വിധി വന്ന ദിവസം കമ്മിറ്റി അംഗമായിരുന്ന ജസ്റ്റിസ് കെ ടി തോമസിനെ ഞാൻ വിളിച്ചു. പലകുറി വിളിച്ചിട്ടും ആൾ ഫോൺ എടുത്തില്ല. പിന്നെ എപ്പോഴോ ആരോ എടുത്തിട്ടു പറഞ്ഞു ആളുകൾ വിളിച്ചു ചീത്ത പറയുന്നതുകൊണ്ട് അദ്ദേഹം ഫോൺ എടുക്കുന്നില്ല എന്ന്. ഞാൻ പറഞ്ഞു ചീത്ത പറയാനല്ല അഭിനന്ദിക്കാനാണ് വിളിക്കുന്നതെന്ന്.
അപ്പോൾ ജസ്റ്റിസ് തോമസ് ലൈനിൽ വന്നു. ഞാൻ പറഞ്ഞു, സർ, വസ്തുതകൾക്കൊപ്പം നിന്നതിനു അഭിനന്ദിക്കാനാണ് വിളിക്കുന്നതെന്ന്. ആദ്യമായാണ് അങ്ങിനെ ഒരാൾ വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡാമിന് ബലക്ഷയമില്ല എന്ന കണ്ടെത്തൽ കേരളത്തിന് ആശ്വാസമാകുന്നതിനു പകരം ആക്ഷേപകരമാകുന്ന വൈചിത്ര്യം അദ്ദേഹത്തിന് മനസിലാകുന്നില്ല എന്നും പറഞ്ഞു.
എനിക്കും മനസിലാകുന്നില്ല എന്ന് ഞാനും പറഞ്ഞു.
അതിന്റെ ബാക്കിയാണ് ഇപ്പോൾ നടക്കുന്നത്.
ബേബി ഡാമിനെ ശക്തിപ്പെടുത്താൻ പതിനഞ്ചു ചെടി (മരമെന്നൊക്കെ ആവശ്യക്കാർക്ക് വിളിക്കാവുന്നതാണ്) മുറിക്കാൻ തമിഴ്നാടിനു കേരളം അനുവാദം കൊടുത്തു എന്ന് പറഞ്ഞാണ് ഇപ്പോൾ വെടിക്കെട്ട്.
പേടിച്ചുപോയ സർക്കാർ അനുവാദം റദ്ദാക്കി.
എന്തിന്? ഈ പയിനഞ്ചു ചെടി മുറിച്ചാൽ എന്ത് സംഭവിക്കും?
തമിഴ്‍നാട് ബേബി ഡാം ശക്തിപ്പടുത്തും.
ശക്തിപ്പെടുത്തിയാൽ?
അത് തകരാനുള്ള സാധ്യത കുറയും.
അപ്പോൾ?
അപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 152 അടിയാക്കാൻ തമിഴ്‌നാട് സുപ്രീം കോടതിയിൽ പോകും.
തമിഴ്‌നാട് സുപ്രീം കോടതിയിൽ പോകും എന്ന കാര്യത്തിൽ എനിക്കും സംശയമില്ല. ഇത് സംബന്ധിച്ച് 2006-ലെ സുപ്രീം കോടതിയുത്തരവ് ഇങ്ങിനെ പറയുന്നു:
“കേന്ദ്ര ജല കമ്മീഷന് പൂർണ്ണമായും തൃപ്തികരമായ വിധത്തിൽ ഡാം ബലപ്പെടുത്തിയതിനുശേഷം ജലനിരപ്പ് 152 അടിയാക്കാൻ അനുവദിക്കുന്നതിനുമുന്പ് സ്വതന്ത്ര വിദഗ്ധർ ഡാമിന്റെ സുരക്ഷാ പരിശോധിക്കും.”
“After the strengthening work is complete to the satisfaction of the CWC, independent experts would examine the safety angle before the water level is permitted to be raised to 152 ft.”
എന്നുവച്ചാൽ ഈ ബലപ്പെടുത്തൽ നടത്തിയതിനുശേഷം സ്വതന്ത്ര വിദഗ്ദ്ദ സമിതി ഡാമിന്റെ ബലം പരിശോധിക്കും. അങ്ങിനെ പരിശോധിച്ച് ബലമുണ്ടെന്നു കണ്ടാൽ ജലനിരപ്പ് ഉയർത്താൻ അവർക്കു അനുവാദം ലഭിക്കും.
അതിനു നമുക്കെന്താണ് കുഴപ്പം എന്ന് സത്യസന്ധമായി പറയാമോ?
ബലമുണ്ടെന്ന്, അഥവാ 152 അടി വരെ വെള്ളം ഉയർത്തിയാൽ ആ ഡാം പൊട്ടില്ലെന്നു ഏതെങ്കിലും സ്വതന്ത്ര വിദഗ്ധസമിതി വെറുതെ പറയും എന്ന് ഞാൻ വിശ്വസിക്കില്ല. അത്തരമൊരു തീരുമാനത്തിലെത്താൻ അവർക്കു വ്യക്തമായ കാരണങ്ങൾ വേണ്ടിവരും; അത് നാലാളെ കാണിക്കേണ്ടിയും വരും. എന്തുകൊണ്ട് 142 അടിവരെ ഉയർത്താം എന്നതിനെ സംബന്ധിച്ച് 2014-ലെ സുപ്രീം കോടതിവിധി വിദഗ്ധരെ ഉദ്ധരിക്കുന്നുണ്ട്. അതിലേതെങ്കിലും ഒരു കണക്കു തെറ്റാണെന്നു ഇതുവരെ സ്‌ഥാപിക്കാൻ ആർക്കും സാധിച്ചതായി കണ്ടിട്ടില്ല. നമ്മുടെ കൈയിൽ ഒന്നും കണ്ടിട്ടുമില്ല.
അതുകൊണ്ടുതന്നെ ഞാനിതിനെ കാണുന്നത് കേരളത്തിന് ഒരു അവസരമായാണ്. വിദഗ്ദ്ധസമിതിയുടെ റിപ്പോർട്ട് എന്തായാലും അംഗീകരിക്കും എന്നുറപ്പു നൽകികൊണ്ട് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യരായ വിദഗ്ധരെക്കൊണ്ട് അണക്കെട്ടിന്റെ ഉറപ്പു പരിശോധിപ്പിക്കാനുള്ള ഒരു സുവർണാവസരമാണ് തമിഴ്‌നാട് ബേബി ഡാം ശക്തിപ്പെടുത്തുകയും ജലനിരപ്പ് ഉയർത്താൻ സുപ്രീം കോടതിയിൽ പോവുകയും ചെയ്‌താൽ ഉണ്ടാവുന്നത്.
അണക്കെട്ട് സുരക്ഷിതമാണ് എന്ന് കണ്ടാൽ പിന്നെ അതിന്റെ താഴേക്കിടന്നു സമാധാനമായി ഉറങ്ങിക്കൂടെ? എന്തെങ്കിലും ബലക്ഷയം ഉണ്ടെന്നു കണ്ടാൽ പുതിയ അണക്കെട്ടു വേണം എന്ന കേരളത്തിന്റെ വാദത്തിനു സാധുത കിട്ടില്ലേ? പിന്നെ എന്തിനാണ് ആ വഴി അടയ്ക്കുന്നത്?
അപ്പോഴാണ് കേരളത്തിന്റെ പൂച്ച പുറത്തുചാടുക: വെള്ളം. വെള്ളമാണ് നമ്മുടെ യഥാർത്ഥ വിഷയം. വെള്ളം എന്ന ഇത്രയും പ്രധാനപ്പെട്ട ഒരു വിഭവം നാമമാത്ര തുകയ്ക്ക് അനന്തകാലത്തേക്ക് കൊടുക്കേണ്ടതായി വരുന്നു എന്ന സത്യം, നമ്മുടെ ശരിയായ പ്രശ്നം, അപ്പോൾ പതുക്കെ പൊന്തി വരും.
ഒരു നിവൃത്തിയുമില്ല. അതിനുത്തരം പറയേണ്ടത് സുപ്രീം കോടതിയോ തമിഴനോ നമ്മളോ അല്ല. ലോകത്തിലെ ഏതു ജനതയെക്കാളും സുഭിക്ഷമായും സമ്പന്നമായും ജീവിക്കാനുള്ള സമ്പത്തെടുത്തു മണ്ണിൽകുഴിച്ചിട്ട പൊന്നുതമ്പുരാൻ കാണിച്ച മറ്റൊരു മണ്ടത്തരത്തിനു, അല്ലെങ്കിൽ ഭീരുത്വത്തിനു, നമ്മൾ കൊടുക്കുന്ന വിലയാണത്. അവരോ അവരുടെ ഭക്തരോ വേണം അതിനു ഉത്തരം നൽകാൻ. അതിനു അധ്വാനിച്ചു ജീവിക്കുന്ന തമിഴന്റെ മെക്കട്ടു കയറിയിട്ട് കാര്യമില്ല. ഡാമിന് ബലമുണ്ടെന്ന് പറഞ്ഞതിന് ജസ്റ്റിസ് തോമസിനെ ചീത്ത വിളിച്ചതുപോലെയുള്ള ഒരു പരിപാടിയായിരിക്കും അത്.
***
വസ്തുതകളോടുള്ള യുദ്ധം നിർത്തി ഒരു മിനിമം സത്യസന്ധതയോടെ മുല്ലപ്പെരിയാർ വിഷയത്തെ സമീപിക്കാൻ കേരളത്തിന് ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റാൻ ഭരണാധികാരികൾക്കു ഉത്തരവാദിത്തമുണ്ട്.
ആ സത്യസന്ധതയാണ് പിണറായി വിജയൻ നിയമസഭയിൽ കാണിച്ചത്. അത് ജലനിരപ്പുയരാതെ നോക്കാൻ തമിഴ്‌നാട് ഭരണാധികാരികൾക്ക് വലിയ തുണയായി. പ്രതിപക്ഷവും അവിടത്തെ മാധ്യമങ്ങളും വളഞ്ഞിട്ടാക്രമിച്ചിട്ടും തമിഴ്‌നാട് സർക്കാർ പ്രതിരോധിച്ചുനിന്നു.
ഒരു കാര്യം മാത്രം നോക്കിയാൽ മതി. ചെടിമുറിക്കാനുള്ള ഉത്തരവ് കൊടുത്തതിനു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രിയ്ക്ക് നന്ദിപറഞ്ഞു എഴുത്തെഴുതി. അത് മാധ്യമങ്ങൾക്കു കൊടുക്കുകയും ചെയ്തു. അത് വെറുതെ ഒരു നന്ദിപറച്ചിലായിരുന്നില്ല എന്ന് മനസിക്കാൻ വലിയ ബുദ്ധിയൊന്നും വേണമെന്നില്ല. തമിഴ്‌നാടിന്റെ ന്യായമായ ആവശ്യങ്ങളോട് കേരളം അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ ഈ വിഷയത്തിൽ കേരളത്തിന്റെ താല്പര്യം സംരക്ഷിക്കുക തമിഴ്‌നാടിന്റെ കൂടി ആവശ്യമാണെന്ന് സ്വന്തം നാട്ടുകാരെക്കൂടി ബോധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്.
ഇപ്പോൾ, ചെടി മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കിയപ്പോൾ, ആ ഓപ്‌ഷൻ അദ്ദേഹത്തിനുമുൻപിൽ അടഞ്ഞു. മാത്രമല്ല, ഈ ഉത്തരവിനെതിരെ ഇനി അവർ സുപ്രീം കോടതിയിൽ പോകും. ബേബി ഡാമിനെ ബലപ്പെടുത്തണം എന്നത് കേന്ദ്ര ജലകമ്മീഷന്റെയും എംപവേർഡ് കമ്മിറ്റിയുടെയും നിർദ്ദേശമാണ്; അത് സുപ്രീം കോടതി അംഗീകരിച്ചതാണ്. കേന്ദ്രസർക്കാരും ബേബി ഡാം ശക്തിപ്പെടുത്തണം എന്ന് പറഞ്ഞിട്ടുണ്ട്.
അതുകൊണ്ടുതന്നെ കോടതിവിധി അവർക്കനുകൂലമായി വരാനുള്ള എല്ലാ സാധ്യതയും ഉണ്ട്.
അതുകൊണ്ടു എന്റെ ആവശ്യം ഇതാണ്: സുപ്രീം കോടതി ഉത്തരവുകളിൽ ആവർത്തിച്ചു പറയുന്നതുപോലെ ഏതു കാര്യത്തിനും ഉടക്കുണ്ടാക്കിയും മുട്ടായുക്തി പറഞ്ഞും പരിഹാസ്യരാവുന്നതിനുപകരം കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കുക
സുപ്രീംകോടതി വിധിയും കൊണ്ടുവന്നു നമ്മളെ നോക്കി ചിരിച്ചുകാണിച്ചുകൊണ്ട് അവർ ബേബി ഡാം നന്നാക്കുന്നതിനുപകരം മരം മുറി ഉത്തരവ് പിൻവലിച്ച നടപടി റദ്ദാക്കുക.
മരംമുറിക്കാനും ബേബി ഡാമിന്റെ ബലപ്പെടുത്താൽ നടപ്പാക്കാനും തമിഴ്‌നാടിനെ അനുവദിക്കുക.
എന്നിട്ടു വെള്ളത്തിന്റെ നിരപ്പ് കൂട്ടാൻ കോടതിയിൽ പോകാൻ തമിഴ്‌നാടിനെ പ്രേരിപ്പിക്കുക.
അങ്ങിനെ ഒരു സ്വതന്ത്ര പരിശോധന ഉറപ്പുവരുത്തുക.
ഓരോ ഉടായിപ്പ് പറഞ്ഞു നാണം കെടുന്നതിനുപകരം സത്യസന്ധമായി കാര്യം പറയുക. തമിഴ്നാടിനു വെള്ളം കൊടുക്കുന്ന മഹാമനസ്കർ എന്ന പേര് സമ്പാദിച്ചു അതുവഴി അവിടന്ന് വേറെ വല്ലതും കിട്ടുമോ എന്ന് നോക്കുക.
ഒപ്പം, ഈ അണക്കെട്ടു ലോകാവസാനം വരെ നിലനിൽക്കില്ലെന്നും, ജലനിരപ്പ് ഉയർത്തിയാൽ അത് താഴെയുള്ള മനുഷ്യരുടെ ജീവിതത്തെ ബാധിക്കുമെന്നും ഇതിനുള്ള ശാശ്വത പരിഹാരം വേറെ തേടണമെന്നും തമിഴ്നാടുമായി ചർച്ച ചെയ്തു തീരുമാനിക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുക.
ഇനി എങ്ങാനും അണക്കെട്ടിന് എന്തെങ്കിലും പ്രശ്നമുണ്ടെന്നു കണ്ടാൽ അപ്പോൾ മറ്റു സുപ്രീം കോടതി വിധികളൊക്കെ അപ്രസക്തമാകും; നമ്മുടെ ഭയത്തിനു ശാസ്ത്രീയ അടിസ്‌ഥാനമുണ്ടെന്നു കോടതിയ്ക്കും നമുക്കുതന്നെയും തോന്നും. അപ്പോൾ ബാക്കി കാര്യങ്ങൾ നോക്കാമല്ലോ.
ഉത്സാഹക്കമ്മിറ്റിക്കാരെ അവരുടെ വഴിക്കു വിടുക.
***
ഈ വിഷയത്തിൽ രാഷ്ട്രീയ നേതൃത്വം അറിയാതെ ഉത്തരവിറക്കിയ ഒരുദ്യോഗസ്‌ഥനെ സസ്‌പെൻഡ് ചെയ്തു. നന്നായി.
കേരള ക്യാബിനറ്റ് ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കുകയും അത് തമിഴ്നാടിനോടുള്ള സൗമനസ്യമായും രണ്ടു സംസ്‌ഥാനത്തേയും ജനങ്ങളോടുമുള്ള കരുതലായും വ്യാഖ്യാനിച്ചു കേരള മുഖ്യമന്ത്രി പരസ്യമായി പറയണ്ട കാര്യം ഈ രൂപത്തിൽ വഷളാക്കിയ പാർട്ടികൾ ഇനിയും അവിടെയുണ്ട്.
ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയത്തിൽ തീരുമാനമെടുക്കുമ്പോൾ അത് മന്ത്രിസഭയോ മുഖ്യമന്ത്രിയോ ഏറ്റവും കുറഞ്ഞത് ബന്ധപ്പെട്ട മന്ത്രിമാരോ എങ്കിലും അറിയണം എന്ന മിനിമം ബോധമില്ലാത്ത ആളുകളെ, അല്ലെങ്കിൽ ബോധപൂർവ്വം മറന്ന ചതിയന്മാരെ സെക്രട്ടേറിയറ്റിന്റെ നാലയലത്തു അടുപ്പിക്കാതിരിക്കാനുള്ള തീരുമാനവും കൂടി രാഷ്ട്രീയ നേതൃത്വം എടുക്കണം.
ഒരു കാര്യം ആവർത്തിക്കുകയാണ്:
വസ്തുതകളോടുള്ള യുദ്ധം നിർത്തി ഒരു മിനിമം സത്യസന്ധതയോടെ മുല്ലപ്പെരിയാർ വിഷയത്തെ സമീപിക്കാൻ കേരളത്തിന് ബാധ്യതയുണ്ട്. ആ ബാധ്യത നിറവേറ്റാൻ ഭരണാധികാരികൾക്കു ഉത്തരവാദിത്തമുണ്ട്.
പരസ്പര ബഹുമാനത്തോടെയും ഉത്തരവാദിത്തത്തോടെയും വിഷയം കൈകാര്യം ചെയ്യാനുള്ള ബോധവും, അത് ജനങ്ങളെ പറഞ്ഞു മനസിലാക്കാനുള്ള ഇച്ഛാശക്തിയും ജനപിന്തുണയുമുള്ള ഭരണാധികാരികളാണ് ഇപ്പോൾ കേരളത്തിലും തമിഴ്നാട്ടിലുമുള്ളത്.
ഈ അവസരം ഉപയോഗിക്കണം.
പതിനഞ്ചു പാഴ്ച്ചെടികളുടെ പേരിൽ അത് പാഴാക്കരുത്.







