"മുഖ്യമന്ത്രി മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുത്തില്ല"; കൊടിക്കുന്നിലിനെതിരെ രൂക്ഷ വിമർശനം

മുഖ്യമന്ത്രിക്കെതിരായ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രസ്താവനയ്ക്കെതിരെ വിമർശനവുമായി നിരവധി പേർ രം​ഗത്ത്.

കാലഘട്ടത്തിന് ചേരാത്ത പ്രസ്‌താവനയാണ് കൊടിക്കുന്നിൽ നടത്തിയതെന്നും പ്രസ്‌താവന കൊടിക്കുന്നിലിന്റെ സ്ഥാനത്തിനും വലിപ്പത്തിനും അനുയോജ്യമാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കട്ടെയെന്നും മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

ഏതൊരു മനുഷ്യനും സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഇന്ത്യയിലുണ്ട്. ആര് ആരെ വിവാഹം കഴിക്കണമെന്നതൊക്കെ തീരുമാനിക്കാനുള്ള അവകാശം അവരവർക്കാണുള്ളതെന്നും മന്ത്രി പറഞ്ഞു.

കോൺഗ്രസിനുള്ളിൽ ഇപ്പോൾ നടക്കുന്ന തമ്മിലടി മറച്ചുവയ്ക്കാൻ വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ കുടുംബത്തെ വരെ ഇത്തരം വിവാദങ്ങളിലേക്ക് വലിച്ചിടുന്ന കൊടിക്കുന്നിൽ സുരേഷിന്റെ വിവാദ പ്രസ്താവനകളെന്നും രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി.

കൊടുക്കുന്നിൽ സുരേഷിന്റേത് അപരിഷ്‌കൃതമായ പ്രതികരണമാണെന്നും ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു

ദളിതനായതിനാൽ കെപിസിസി അധ്യക്ഷനാക്കിയില്ലെന്ന് പരാതിപ്പെട്ടയാളാണ് കൊടിക്കുന്നിൽ. കേരളത്തെ പുറകോട്ടടിപ്പിക്കുന്ന പ്രതികരണമാണ് കോൺഗ്രസ് നേതാവിൽ നിന്നുണ്ടായതെന്നും റഹിം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കടുത്ത സ്ത്രീവിരുദ്ധതയുള്ളതും, വ്യക്തിസ്വാതന്ത്ര്യത്തെ സംബന്ധിച്ച നൂതനകാലത്തിന്റെ അഭിപ്രായത്തോട് തീരെ ചേർന്നുപോകാത്തതുമാണ് കൊടുക്കുന്നിലിന്റെ പ്രതികരണമെന്നും റഹിം കൂട്ടിചേർത്തു.

നവോത്ഥാന നായകനാണെങ്കിൽ മുഖ്യമന്ത്രി മകളെ പട്ടികജാതിക്കാരന് കെട്ടിച്ചുകൊടുക്കണമായിരുന്നുവെന്നും, ദേവസ്വം മന്ത്രിയെ നിയന്ത്രിക്കാൻ മുഖ്യമന്ത്രി മറ്റൊരാളെ ചുമതലപ്പെടുത്തിയെന്നുമാണ് കൊടിക്കുന്നിൽ പറഞ്ഞത്. കെ മുരളീധർ എ പിയും കോൺഗ്രസിന്റെ ജില്ലാ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് കൊടിക്കുന്നിലിന്റെ വിവാദ പരാമർശം.