പി.വി അന്‍വര്‍ എം.എൽ.എയുടെ ഭാര്യാപിതാവിന്റെ ഭൂമിയിലെ തടയണയും റോപ് വേയും ഇന്ന് പൊളിച്ച് നീക്കും

എം.എല്‍.എ പി.വി അന്‍വറിന്റെ ഭാര്യാ പിതാവ് സി കെ അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ അനധികൃതമായി കെട്ടിയ തടയണയും റോപ് വേയും ഇന്ന് പൊളിച്ച് നീക്കും. അനുമതി ഇല്ലാതെയാണ് ഇവിടെ നിര്‍മ്മാണം നടത്തിയിരിക്കുന്നത് എന്ന് പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. ഊര്‍ങ്ങാട്ടേരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പൊളിച്ച് നീക്കല്‍ നടപടികള്‍.

കക്കാടം പൊയിലിലെ ഭൂമിയില്‍ 2015-16 കാലഘട്ടത്തിലാണ് അനുമതിയില്ലാതെ തടയണകള്‍ നിര്‍മ്മിച്ചത്. ഇത് പൊളിച്ച് മാറ്റണം എന്ന് നേരത്തെ ഹൈക്കോടതിയും ഓംബുഡ്‌സ്മാനും നിര്‍ദ്ദേശിച്ചിരുന്നു. റസ്‌റ്റോറന്റിനായുള്ള അനുമതിയുടെ മറവില്‍ നിയമ വിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ച് മാറ്റി നവംബര്‍ 30ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഓംബുഡ്സ്മാന്‍ നേരത്തെ ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ അത് നടപ്പിലായില്ല.

തുടര്‍ന്ന് റോപ് വേ പൊളിച്ച് മാറ്റാനുള്ള ഉത്തരവ് നടപ്പിലാക്കുന്ന കാര്യത്തില്‍ വീഴ്ച സംഭവിച്ചാല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പിഴ ചുമത്തുമെന്ന് ഓംബുഡ്സ്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ മുന്നറിയിപ്പ് നല്‍കി. അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് നീക്കി ജനുവരി 25ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. എന്നാല്‍ വീണ്ടും നടപടികള്‍ വൈകുകയായിരുന്നു.