ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറിലെ ജഡ്ജിക്ക്‌ സ്വന്തം മുതലാളിയുടെ കൈയേറ്റത്തെ കുറിച്ച്‌ ചർച്ച ചെയ്യേണ്ടി വന്നു; നിലമ്പൂരിൽ നിന്ന് വയനാട്ടിലേക്ക്‌ വലിയ ദൂരമൊന്നുമില്ലെന്ന് പി.വി അൻവർ

മാതൃഭൂമി ചാനലിനും മാനേജിംഗ് എഡിറ്റർ എം.വി. ശ്രേയാംസ് കുമാറിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ.  ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പി.വി. അന്‍വര്‍  വിമർശനം ഉന്നയിച്ചിരിക്കുന്നത്. മാതൃഭൂമി തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ നല്‍കുന്നുവെന്നാണ് പി.വി അൻവർ പറയുന്നത്.
സമാനമായി വാർത്ത നൽകിയ ഒടുവില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കണമെന്നും അന്‍വര്‍ പറയുന്നു. നിലമ്പൂരില്‍ നിന്നും വയനാട്ടിലേക്ക് വലിയ ദൂരമില്ലെന്ന് പറഞ്ഞു കൊണ്ടാണ് അന്‍വര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം; 
കുറച്ച്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഏഷ്യാനെറ്റ്‌ ചാനൽ പരമ്പരകളായി എനിക്കെതിരെ വാർത്തകൾ ചെയ്തിരുന്നു.അവരുടെ സ്വന്തം മുതലാളി ചെയർമാനായുള്ള ബിസിനസ്സ്‌ ഗ്രൂപ്പ്‌ ഇതേ സമയത്ത്‌ തന്നെ കുമരകത്ത്‌ സർക്കാർ വക 7.5 സെന്റ്‌ ഭൂമി കൈയ്യേറി സ്വന്തമാക്കി അതിൽ റിസോർട്ട്‌ ആരംഭിച്ചിരുന്നു.ഈ വിഷയം പുറത്തായതോടെ ആരൊക്കെയോ കൈയ്യേറ്റഭൂമിയിലെ നിർമ്മാണങ്ങൾ അടിച്ചു തകർത്തു.ഗതികെട്ട്‌ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവറിലെ ജഡ്ജിക്ക്‌ സ്വന്തം മുതലാളിയുടെ കൈയ്യേറ്റത്തെ കുറിച്ച്‌ അന്ന് ചർച്ച ചെയ്യേണ്ടതായും വന്നു.
വെറുതെ ചിലരെ ഒന്ന് ഓർമ്മിപ്പിച്ചുവെന്ന് മാത്രം.നിലമ്പൂരിൽ നിന്ന് വയനാട്ടിലേക്ക്‌ വലിയ ദൂരമൊന്നുമില്ല.ചൂണ്ടയും കൊണ്ട്‌ വെറുതെ ഒന്നിറങ്ങിയാൽ ഒരു നേരത്തേക്കുള്ള ചെറിയ മീനുകളെയെങ്കിലും കിട്ടാതിരിക്കില്ല.ഉറപ്പ്‌..

നിലമ്പൂര്‍ എം.എല്‍.എയെ കാണാനില്ലെന്ന രീതിയില്‍ മാതൃഭൂമി നല്‍കിയ വാര്‍ത്തയും അതിനോട് പി.വി. അന്‍വര്‍ നടത്തിയ പ്രതികരണവും കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. മുങ്ങിയത് ഞാനല്ല, നിന്റെ തന്തയാണ് എന്നായിരുന്നു അന്‍വര്‍ ഫേസ്ബുക്കിലൂടെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് പ്രതികരിച്ചിരുന്നത്.

Read more