ഓരോ വ്യക്തിയും വിജ്ഞാനം കൈകാര്യം ചെയ്യുന്നത് വ്യത്യസ്ത രീതിയിലാണെന്നും വിജ്ഞാനം എങ്ങനെ അടുത്തയാള്‍ക്ക് വിനിമയം ചെയ്യുന്നു എന്നത് പ്രധാനമാണെന്നും ചലച്ചിത്ര വികസനകോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍. കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച വിജ്ഞാനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലയും ശാസ്ത്രവും ചേര്‍ന്ന സൃഷ്ടിയാണ് ചലച്ചിത്രം. വലിയ കൃതികള്‍ രണ്ടരമണിക്കൂറിലേക്ക് ആവിഷ്‌കരിക്കുന്നതിലാണ് ഒരു വ്യക്തിയുടെ അറിവ് നിക്ഷിപ്തമായിരിക്കുന്നത്. എങ്ങനെ ചലച്ചിത്രത്തില്‍ കൂടി അറിവും വിജ്ഞാനവും വികാരവും ആസ്വാദനവും പങ്കിടാമെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
വിജ്ഞാനം ജന്മസിദ്ധമാണെങ്കില്‍ എങ്ങനെയാണത് കൈമാറ്റം ചെയ്യപ്പെടുന്നത്. വിജ്ഞാനം ഓരോ ജീവജാലങ്ങളിലും എങ്ങനെ പ്രതിഫലിക്കുന്നു എന്നത് പ്രധാനമാണ്. എന്തുകൊണ്ടാണ് നാം നിര്‍മിതബുദ്ധിയിലേക്കും ഡിജിറ്റല്‍ മേഖലയിലേക്കും പോകുന്നത്. ആരാണോ വിജ്ഞാനം പകര്‍ന്നുനല്‍കുന്നത് അവരെ നാം സ്‌നേഹപൂര്‍വം ആശാന്‍, മാഷ് എന്നൊക്കെ വിളിക്കുന്നു. ആ വാക്കില്‍ സ്‌നേഹവും അറിവും വിജ്ഞാനവുമുണ്ട്.
വിജ്ഞാനം തത്വചിന്തയും ആത്മീയതയുമാണ്. ശിലയില്‍ പാഴ്ഭാഗങ്ങള്‍ നീക്കം ചെയ്ത് ശില്പമുണ്ടാക്കുമ്പോള്‍ കലയുണ്ടാകുന്നു. നിര്‍മിത ബുദ്ധി എന്നത് ഒരു സാംസ്‌കാരികബോധമാണ്. സൂക്ഷ്മവും ലളിതവുമായ കണ്ടെത്തലുകള്‍ എത്രകാലം നിലനില്‍കും എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. മാസ്മീഡിയ നമ്മുടെ അറിവിനെ വിപുലമാക്കുന്നുവെന്നും ഷാജി എന്‍ കരുണ്‍ പറഞ്ഞു.
വൈജ്ഞാനികം ഗവേഷണ ജേര്‍ണല്‍ ഷാജി എന്‍ കരുണ്‍ ഡോ ജോര്‍ജ് ഓണക്കൂറിന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. എസ് ഐ ഇ പി അസിസ്റ്റന്റ് എഡിറ്റര്‍ എസ് രാജലക്ഷ്മി ജേര്‍ണല്‍ പരിചയപ്പെടുത്തി. സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. മ്യൂസ് മേരി ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
വായനയിലും ചിന്തയിലും നിരന്തരമായി കടന്നു വരുന്ന നിര്‍മിതബുദ്ധിയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ ശൈലിയില്‍ കാതലായ മാറ്റം വരുത്താന്‍ ശ്രമിക്കുന്നു. ഓണ്‍ലൈന്‍ സാധ്യതകള്‍ തേടുന്നതിന്റെ തുടക്കമായാണ് അറിവ് എന്ന ഔദ്യോഗിക യു ടൂബ് ചാനല്‍ രൂപമെടുത്തത്. അറിവിന്റെ വിനിമയത്തിന് സാധ്യമായതും കാലാനുസൃതവുമായ എല്ലാ വിനിമയ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും ഡോ. മ്യൂസ് മേരി ജോര്‍ജ് പറഞ്ഞു.
അക്കാദമിക സമൂഹത്തിനാവശ്യമായ വിഷയങ്ങള്‍ വളരെ വേഗത്തില്‍ ആളുകളിലേക്കെത്തിക്കുന്നതിനും കേരളീയ സമൂഹം ചര്‍ച്ച ചെയ്യേണ്ട വിജ്ഞാനവിഷയങ്ങളും സാംസ്‌കാരികബോധങ്ങളും കേരളത്തിന്റെ അക്കാദമികസമൂഹത്തിന് ആവശ്യമാണെന്ന ധാരണയിലാണ് വൈജ്ഞാനികം എന്ന ഗവേഷക ജേര്‍ണല്‍ തുടങ്ങിയത്. സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടികളുടെ ഭാഗമാണ് ഗവേഷകജേര്‍ണലും യൂടൂബ് ചാനലും.
വജ്രജൂബിലിയുടെനിറവിലെത്തിയ സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ യാത്രയിലെ നാഴികക്കല്ലുകളായാണ് ഇവ വിലയിരുത്തുന്നത്. അറിവ് എന്നത് വെറുമൊരു വാക്കല്ല മറിച്ച്, അത് കാലാനുസൃതമാണ്. അധികാരശക്തിയോടുള്ള വിയോജിപ്പുകളില്‍ നിന്നുണ്ടാകുന്ന വസ്തുനിഷ്ഠവും വിമര്‍ശനസ്വഭാവവുമുള്ള വ്യത്യസ്തതലങ്ങളിലെ പരിവര്‍ത്തനങ്ങളുടെ ഭാഗമായി ജേര്‍ണല്‍ അടയാളപ്പെടും.
അറിവിന് കുത്തകസ്വഭാവവും കോര്‍പ്പറേറ്റ് സ്വഭാവവും ഫ്യൂഡല്‍ സ്വഭാവവുമുണ്ടെന്നും ഡോ. മ്യൂസ് മേരി ജോര്‍ജ് അഭിപ്രായപ്പെട്ടു. കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ എം സത്യന്‍, എസ് ഐ ഇ പി മുന്‍ ഡയറക്ടര്‍മാരായ ഡോ ജോര്‍ജ് ഓണക്കൂര്‍, ഡോ. എം ആര്‍ തമ്പാന്‍, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.
സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് എഡിറ്റര്‍ ആര്‍ അനിരുദ്ധന്‍ സ്വാഗതവും എസ് ഐ ഇ പി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജലജകുമാരി എസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ കലാമണ്ഡലം മനോജും സംഘവും അവതരിപ്പിച്ച കഥകളിയും അംബരീഷും സംഘവും അവതരിപ്പിച്ച ഉയിര്‍പൊള്ളിയ കാവ്യമഴ എന്ന പോയട്രി ഷോയും ഗായകന്‍ ഹരിശങ്കറിന്റെ സംഗീതസായാഹ്നവും അരങ്ങേറി.
Read more
രാവിലെ നടന്ന വൈജ്ഞാനികപ്രഭാഷണ പരമ്പര- വിജ്ഞാനോത്സവം- സാംസ്‌കാരികകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിനി ആന്റണി ഐ എ എസ് ഉദ്ഘാടനം ചെയ്തു. ഉത്തരവാദിത്തനിര്‍മിത ബുദ്ധി എന്ന വിഷയത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല ഡീന്‍ ഡോ. അഷ്‌റഫ് എസ് പ്രഭാഷണം നടത്തി.