പി.ടി മോഹനകൃഷ്ണൻ അനുസ്മരണം; ഗവര്‍ണറെ പങ്കെടുപ്പിക്കുന്നതിൽ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, പരസ്യ പ്രതികരണം വിലക്കി കോൺഗ്രസ് നേതൃത്വം

മുൻ എംഎൽഎയും മലപ്പുറം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന പി.ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിച്ചതിൽ പരസ്യ പ്രതികരണം വിലക്കി കെപിസിസി. മലപ്പുറത്തെ യൂത്ത് കോൺഗ്രസ്‌ നേതാക്കളോട് പരസ്യ പ്രതികരണം പാടില്ലെന്ന് കെപിസിസി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള സര്‍ക്കുലറും പുറപ്പെടുവിച്ചു.

സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ജോമോൻ ജോസ് ആണ് സർക്കുലർ ഇറക്കിയിരിക്കുന്നത്. പി.ടി മോഹനകൃഷ്ണൻ അനുസ്മരണ പരിപാടിയില്‍ ഗവർണർ പങ്കെടുക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ച സാഹചര്യത്തിലാണ് വിലക്ക്. സോഷ്യൽ മീഡിയ വഴി പ്രതികരണം നടത്തിയാൽ കർശന നടപടിയെന്നു സർക്കുലറില്‍ പറയുന്നുണ്ട്. സംഘടനാപരമായ കാര്യങ്ങൾ നവമാധ്യമങ്ങളിൽ ഉന്നയിക്കരുതെന്നാണ് നിർദേശം. വസ്തു നിഷ്ഠപരമായ പരാതി കിട്ടിയാൽ നടപടി എടുത്ത ശേഷം മാത്രമേ വിശദീകരണം നൽകാൻ അവസരമുണ്ടാകൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കുവാനുള്ള തീരുമാനം പുനര്‍വിചിന്തനം ചെയ്യണമെന്നും ശാഖാ പ്രമുഖ് ആക്കേണ്ട ഒരാളെ കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് വേദിയാകേണ്ടിടത്ത് പ്രതിഷ്ഠിക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പി .ടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയുടെ ഉദ്ഘാടകനായി ആരിഫ് മുഹമ്മദ് ഖാനെയാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ജനുവരി 10നാണ് അനുസ്മരണ പരിപാടി. മലപ്പുറം ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ പിടി അജയ് മോഹന്റെ പിതാവാണ് പിടി മോഹനകൃഷ്ണന്‍. അദ്ദേഹം സംഘാടകനായിട്ടുള്ള പരിപാടിയിലാണ് ഗവര്‍ണറെ പങ്കെടുപ്പിക്കുന്നത്.