വയനാട്ടിലെ വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ മേഖല ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപ കെഎസ് ഐഎഫ്എസുമായി ദീർഘനേരം പ്രിയങ്ക ഫോൺ സംഭാഷണം നടത്തി.
വയനാട്ടിലെ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. പഞ്ചാരക്കൊല്ലിയിൽ ആക്രമണത്തിൽ രാധയെ കൊലപ്പെടുത്തിയ കടുവയെ വെടി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം ശക്തിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് പ്രിയങ്കയുടെ ഇടപെടൽ.
ജനുവരി മാസത്തിൽ മാത്രം നാല് മനുഷ്യ ജീവനുകളാണ് വയനാട്ടിൽ നഷ്ടപ്പെട്ടത്. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്ന് പ്രിയങ്ക പറഞ്ഞു.