തൃശൂരില്‍ ബസ് പാടത്തേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം; കൂടുതലും വിദ്യാര്‍ത്ഥികള്‍

തൃശൂര്‍ കണിമംഗലത്ത് സ്വകാര്യബസ് മറിഞ്ഞ് അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നിലഗുരുതരം. പരിക്കേറ്റവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. കണിമംഗലം പാടത്താണ് ബസ് മറിഞ്ഞത്. 50ഓളം പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണിമംഗലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസാണ് മറിഞ്ഞത്. നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.

ഉയര്‍ന്ന് നില്‍ക്കുന്ന റോഡില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് താഴേ ഭാഗത്തേക്ക് പതിക്കുകയായിരുന്നു. ബസ് പൂര്‍ണമായും മറിഞ്ഞ നിലയയിലാണ്. അപകടം നടന്നയുടനെ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. മന്ത്രി കെ.രാജന്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.