കഞ്ചാവ് കേസിൽ പ്രതിഭ എംഎൽഎയുടെ മകനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി; കുറ്റപത്രം ഉടൻ സമർപ്പിക്കും

കഞ്ചാവ് പിടികൂടിയ കേസിൽ യു പ്രതിഭ എംഎൽഎയുടെ മകനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി എക്‌സൈസ്. കേസിൽ പ്രതി ചേർത്തിരുന്ന മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ഒഴിവാക്കി എക്‌സൈസ് കോടതിയിൽ ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു. പട്ടികയിലുണ്ടായിരുന്ന മൂന്ന് പ്രതികൾ മാത്രമാണ് കേസിലുൾപ്പട്ടതെന്നാണ് എക്‌സൈസ് ഇപ്പോൾ പറയുന്നത്. ഒഴിവാക്കിയ പ്രതികൾക്ക് കേസിൽ പങ്കില്ലെന്നടക്കം ചൂണ്ടിക്കാട്ടി എക്‌സൈസ് ഉടൻ കുറ്റപത്രവും സമർപ്പിക്കും.

കഴിഞ്ഞ ഡിസംബർ 28 നാണ് എംഎൽഎയുടെ മകൻ ഉൾപ്പെടെ 9 പേരെ തകഴിയിൽ നിന്ന് കുട്ടനാട് എകസൈസ് സംഘം പിടികൂടിയത്. മൂന്നു ഗ്രാം കഞ്ചാവും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും കഞ്ചാവ് കൈവശം വച്ചതിനും ഇവർക്കെതിരെ കേസും എടുത്തു.

എന്നാൽ തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ആപരോപിച്ച് യു പ്രതിഭ സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെക്കുകയും തുടർന്ന് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെയും എംഎൽഎയുടെയുമടക്കം മൊഴി എടുത്തിരുന്നു.