'മുരളീധരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ'; തൃശൂരിലും നേതൃത്വത്തിനെതിരെ​ പോസ്റ്റർ

തദ്ദേശതെ​രഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ പരാജയത്തിൽ നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രതിഷേധം വർധിക്കുന്നു. കെ. മുരളീധരനെയും കെ. സുധാകരനെയും അനുകൂലിച്ചും നിരവധി നേതാക്കളെ എതിർത്തും തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും ഉൾപ്പെടെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.

തൃശൂർ നഗരത്തിൽ കെ. മുരളീധരനെ അനുകൂലിച്ചാണ്​​ പോസ്റ്ററുകൾ ഒട്ടിച്ചിരിക്കുന്നത്​. “മുരളീധരനെ വിളിക്കൂ… കോൺഗ്രസിനെ രക്ഷിക്കൂ” എന്നാണ്​ പോസ്റ്ററിലെ ഉള്ളടക്കം. യൂത്ത്​ കോൺഗ്രസിന്‍റെയും ​കെ.എസ്​.യുവിന്‍റെയും പേരിലാണ്​ പോസ്റ്ററുകൾ.

ഇന്ന് രാവിലെ ആലപ്പുഴയിലും പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. കെ സുധാകരനെ അനുകൂലിച്ചും നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചും ആയിരുന്നു പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. കെ സുധാകരനെ വിളിക്കൂ… കോൺഗ്രസിനെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിൽ ഉന്നയിച്ച ആവശ്യം. കെ.പി.സി.സി ആസ്​ഥാനത്തും കഴിഞ്ഞ ദിവസം സമാനമായ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു. കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്നാണ്​ ആവശ്യം.

കൊല്ലത്ത്​ കഴിഞ്ഞദിവസം ഡി.സി.സി പ്രസിഡന്‍റ്​ ബിന്ദു കൃഷ്​ണക്കെതിരായി പോസ്റ്ററുകൾ പതിച്ചിരുന്നു. ഡി.സി.സി, ആർ.എസ്​.പി ഓഫിസിന്​ മുമ്പിലാണ്​ പോസ്​റ്ററുകൾ ഉയർന്നത്​. സേവ്​ കോൺഗ്രസ്​ എന്ന പേരിലായിരുന്നു പോസ്റ്റർ. ബിന്ദു കൃഷ്​ണ സ്​ഥാനാർഥി നിർണയത്തിൽ പണം വാങ്ങിയെന്നും അവരെ പുറത്താക്കണമെന്നുമാണ്​ പോസ്റ്ററിലെ ആവശ്യം.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പിന്​ മുമ്പ്​ നേതൃമാറ്റം വേണ്ടെന്ന നിലപാടിലാണ്​ കോൺഗ്രസ്​ ഹൈക്കമാൻഡ്​. നേതാക്കളുടെ പരസ്യ പ്രസ്താവനയിൽ അതൃപ്​തി രേഖപ്പെടുത്തുകയും ചെയ്​തിരുന്നു. ഉമ്മൻ ചാണ്ടിയെ സജീവമാക്കണമെന്നാണ്​ മുന്നണി പ്രവർത്തകരുടെ ആവശ്യം.