'പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റ്കാർ പ്രതികരിക്കും'; കളമശേരിയിൽ പി.രാജീവിന് എതിരെയും പോസ്റ്റർ യുദ്ധം

പാലക്കാട് മന്ത്രി എ.കെ ബാലനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കളമശ്ശേരിയിലും പോസ്റ്റർ. സിഐടിയു നേതാവ് കെ ചന്ദ്രൻപിള്ളയ്ക്ക് അനുകൂലമായി കളമശ്ശേരി മണ്ഡലത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വ്യവസായ മേഖലയായ ഏലൂരിലെ പാർട്ടി ഓഫീസിന് എതിർവശത്തും മുനിസിപ്പാലിറ്റി ഓഫീസിന് മുമ്പിലും കളമശ്ശേരി പാർട്ടി ഓഫീസിന് മുൻ ഭാഗത്തും ഒക്കെയാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.

പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റ്കാർ പ്രതികരിക്കും, ചന്ദ്രൻപിള്ള കളമശ്ശേരിയുടെ സ്വപ്നം, വെട്ടി നിരത്തൽ എളുപ്പമാണ് വോട്ട് പിടിക്കാനാണ് പാട്, പി രാജീവിനെ വേണ്ട തുടങ്ങിയ വാചകങ്ങൾ ആണ് പോസ്റ്ററുകളിൽ ഉള്ളത്. ചന്ദ്രൻ പിള്ളയ്ക്ക് പകരം പി രാജീവിനെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനമാണ് പ്രതിഷേധത്തിന് കാരണം.

സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. സംസ്ഥാന സമിതി അംഗീകാരം നൽകിയ പല സ്ഥാനാർത്ഥികളുടെ പേരുകളിലും ജില്ലാ സെക്രട്ടേറിയറ്റുകളുടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ, തർക്ക മണ്ഡലങ്ങളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ തീർപ്പ് കൽപിക്കും. ഡോ. പി കെ ജമീലയുടെ പേര് വന്ന തരൂർ, അരുവിക്കര , പൊന്നാനി, ഒറ്റപ്പാലം, കൊയിലാണ്ടി തുടങ്ങിയവയാണ് തർക്കം നിലനിൽക്കുന്ന പ്രധാന സീറ്റുകൾ. ഇന്ന് തന്നെ അന്തിമ പട്ടികക്ക് രൂപം നൽകി ബുധനാഴ്ചയോടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനാണ് സിപിഎം നീക്കം.