'അധികാരത്തിലുള്ളവര്‍ മാറി നില്‍ക്കട്ടെ, കൊച്ചിയുടെ വളര്‍ച്ചയ്ക്കു വേണ്ടത് യുവരക്തം'; യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ പോസ്റ്റര്‍

എറണാകുളം നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി യുവാക്കളെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റര്‍. യൂത്ത് കോണ്‍ഗ്രസിന്റെ പേരിലാണ് കൊച്ചിയില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

“അധികാരത്തിലുള്ളവരും പലപ്രാവശ്യം മത്സരിച്ചവരും മാറിനില്‍ക്കട്ടെ, കൊച്ചിയുടെ വളര്‍ച്ചയ്ക്ക് വേണ്ടത് യുവരക്തം, യുവാക്കള്‍ക്ക് അവസരം നല്‍കുക”- എന്നിങ്ങനെയാണ് പോസ്റ്ററിലെ വാചകങ്ങള്‍.

ഡി.സി.സി. അദ്ധ്യക്ഷനും കൊച്ചി ഡെപ്യൂട്ടി മേയറുമായ ടി.ജെ. വിനോദ്, മുന്‍ എം.പി. കെ.വി.തോമസ് എന്നിവര്‍ക്കെതിരെയാണ് പോസ്റ്റര്‍ പതിച്ചതെന്നാണ് സൂചന. അധികാരത്തിലുള്ളവര്‍ എന്നത് ടി.ജെ. വിനോദിനെയും പലപ്രാവശ്യം മത്സരിച്ചവര്‍ എന്നത് കെ.വി.തോമസിനെയും ഉദ്ദേശിച്ചാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം പറയുന്നു. സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിച്ചാണ് കെ.വി.തോമസ് ഡല്‍ഹിയിലേക്ക് പോയതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നേരത്തെ സംസാരമുണ്ടായിരുന്നു.

എറണാകുളം സീറ്റ് ലഭിക്കാനായി കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ കനത്ത മത്സരമാണ് നടക്കുന്നത്. ടോണി ചമ്മിണി, ഡൊമിനിക് പ്രസന്റേഷന്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥിത്വ മോഹവുമായി ഇവിടെ രംഗത്തുണ്ട്. അതേസമയം, ഡി.സി.സി. അദ്ധ്യക്ഷന്‍ ടി.ജെ. വിനോദ് പോസ്റ്ററിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.