സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ; ഹൈക്കോടതി മുൻ ജഡ്‌ജി എ.ഹരിപ്രസാദിന് അന്വേഷണ ചുമതല

പൂക്കോട് വെറ്റിനറി സർവകലാശാലാ വിദ്യാർഥി വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ അന്വേഷണ കമ്മിഷനെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലറുടെ അധികാരമുപയോഗിച്ചാണ് ഗവർണരുടെ നീക്കം. ഹൈക്കോടതി മുൻ ജഡ്‌ജി എ.ഹരിപ്രസാദിനാണ് അന്വേഷണ ചുമതല. വയനാട് മുൻ ഡി.വൈ.എസ്.പി. വി.ജി.കുഞ്ഞൻ അന്വേഷണത്തെ സഹായിക്കും.

സിദ്ധാർഥൻ്റെ മരണം സംബന്ധിച്ച രേഖകൾ സിബിഐ അന്വേഷണത്തിനായി സംസ്‌ഥാനം കൈമാറിയിരുന്നു. സ്പെഷൽ സെൽ ഡിവൈഎസ്‌പി ശ്രീകാന്ത് ഡൽഹിയിൽ നേരിട്ടെത്തിയാണ് പഴ്സണൽ മന്ത്രാലയത്തിന് രേഖകൾ കൈമാറിയത്. കേസ് സിബിഐയ്ക്കു വിടുന്നത്തിൽ കാല താമസം നേരിട്ടിരുന്നു. ഈ മാസം 9നിറങ്ങിയ വിജ്‌ഞാപനം ഔദ്യോഗികമായി സിബിഐയെ അറിയിച്ചത് 16നായിരുന്നു.

Read more

സഹപാഠികൾ ഹോസ്റ്റലിൽ ക്രൂരമായി മർദിച്ചതിനു പിന്നാലെയാണു സിദ്ധാർഥനെ ഹോസ്‌റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. സിദ്ധാർഥൻ്റെ മാതാവിൻ്റെ അപേക്ഷ പിതാവാണു നേരിട്ടെത്തി മുഖ്യമന്ത്രിക്കു കൈമാറിയത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യമായിരുന്നു അപേക്ഷയിലുണ്ടായിരുന്നത്. കുടുംബത്തിൻ്റെ ആവശ്യം അതാണെങ്കിൽ സിബിഐ അന്വേഷണം നടക്കട്ടെ എന്നാണു മുഖ്യമന്ത്രി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശിനെ അറിയിച്ചത്.