അനില്‍ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

ഇന്നലെ അന്തരിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. ഭാര്യ മായയുടെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്‍തത്. കുടുംബത്തിന്റെ ആവശ്യപ്രകാരം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. രക്തം ഛര്‍ദ്ദിച്ചതിനാലാണ് പോസ്റ്റ്മോര്‍ട്ടം ആവശ്യപ്പെട്ടതെന്ന് കുടുംബം വ്യക്തമാക്കി.

അനില്‍ പനച്ചൂരാന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നില്ല. പെട്ടെന്നുണ്ടായ മരണമാണ്. മരണകാരണം അറിയണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കായംകുളം പൊലീസിനെ സമീപിക്കുകയായിരുന്നു. കായംകുളം പൊലീസ് തിരുവനന്തപുരത്തെത്തി അന്വേഷിക്കും.

ഇന്നലെയാണ് അനില്‍ പനച്ചൂരാന്‍ മരിച്ചത്. രാവിലെ സുഹൃത്തുക്കള്‍ക്കൊപ്പം പ്രഭാത സവാരി നടത്തുന്നതിനിടെ തലകറങ്ങി വീണു. തുടര്‍ന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു പിന്നീട് കരുനാഗപ്പള്ളിയിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് കൊണ്ടുവന്നു.

തിരുവനന്തപുരത്ത് നിന്നും സ്വദേശമായ കായംകുളത്തേക്ക് മൃതദേഹം കൊണ്ടുപോകും. ഇന്ന് വൈകീട്ടാണ് സംസ്കാരം.